നീതി നിഷേധം അരാജകത്വത്തിലേക്ക് നയിക്കും -ചീഫ് ജസ്റ്റിസ് എൻ.വി. രമണ
text_fieldsശ്രീനഗർ: നീതി നിഷേധിക്കപ്പെടുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ജനങ്ങളുടെ അന്തസ്സും അവകാശങ്ങളും അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ മാത്രമെ സമാധാനം നിലനിൽക്കുകയുള്ളൂ. തർക്കങ്ങളുടെ ത്വരിതഗതിയിലുള്ള പരിഹാരം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ മുദ്രയാണ്. നീതി നിഷേധം അന്തിമമായി അരാജകത്വത്തിലേക്ക് നയിക്കും. ജനങ്ങൾ മറ്റു വഴികൾ തേടിയാൽ കോടതികൾ അസ്ഥിരമാകും. അതിനാൽ ജനങ്ങളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടണം-അദ്ദേഹം പറഞ്ഞു. ശ്രീനഗറിൽ പുതിയ ഹൈകോടതി കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
നമ്മുടെ രാജ്യത്ത് അവകാശങ്ങളുടെ ഭരണഘടനപരമായ സംരക്ഷണവും ഭരണഘടനയുടെ അഭിലാഷങ്ങൾ ഉയർത്തിപ്പിടിക്കലും കോടതികളുടെ കർത്തവ്യമാണ്. എല്ലാവർക്കും വേഗത്തിൽ നീതി ലഭ്യമാക്കുന്നതിൽ നീതിന്യായ വ്യവസ്ഥയുടെ കഴിവില്ലായ്മ നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിലുള്ള പ്രധാന വെല്ലുവിളിയാണ്.
ഇന്ത്യയിലെ നീതിനിർവഹണ സംവിധാനം വളരെ സങ്കീർണവും ചെലവേറിയതുമാണ്. തങ്ങളുടെ അവകാശങ്ങളും അന്തസ്സും അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ജനങ്ങൾക്ക് തോന്നേണ്ടത് ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമാണ്. തങ്ങളുടെ പ്രവർത്തനത്തിനുള്ള വെല്ലുവിളികൾ ഭരണഘടനപരമായ നടപടികളിലൂടെ നേരിടാൻ ജുഡീഷ്യറി സാധ്യമാകും വിധം നവീകരിക്കപ്പെടണം. -ചീഫ് ജസ്റ്റിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.