ബിരിയാണി കിട്ടിയില്ല; കോവിഡ് രോഗികൾ ലോഡ്ജ് നശിപ്പിച്ചു; ആരോഗ്യപ്രവർത്തകരെ ആക്രമിച്ചു
text_fieldsഗുവാഹത്തി: ബിരിയാണി ലഭിക്കാത്തതിൽ അരിശം പൂണ്ട കോവിഡ് രോഗികൾ സർക്കാർ ഏർപ്പെടുത്തിയ ലോഡ്ജ് നശിപ്പിച്ചതായും ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതായും പരാതി. ത്രിപുരയിലെ സഹീദ് ഭഗത് സിങ് യൂബ ആവാസിൽ ബുധനാഴ്ചയാണ് സംഭവം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
നൽകിയ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം രോഗികൾ താമസസ്ഥലം അലങ്കോലപ്പെടുത്തിയതായും ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ചിക്കൻ ബിരിയാണി ലഭിക്കാത്തതിനാൽ അസംതൃപ്തരായ രോഗികൾ ആരോഗ്യപ്രവർത്തകരെ ക്രൂരമായി ആക്രമിച്ചെന്നും ലോഡ്ജ് തകർത്തുവെന്നും ഒരു പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തു. ജില്ലാ മജിസ്ട്രേറ്റിനേയും ജില്ലാ പൊലീസ് സൂപ്രണ്ടിനേയും അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും പരാതിയുണ്ട്.
ത്രിപുരയിൽ ഇതുവരെ 622 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് മരണങ്ങളില്ല.
അതേ സമയം, ക്വാറന്‍റീൻ സെന്‍ററിലെ അന്തേവാസികൾ മോശമായി പെരുമാറിയാൽ അറസ്റ്റ് ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് ജയിലിൽ അയക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രശ്നങ്ങളുണ്ടായാൽ നേരിട്ട് അധികൃതരെ അറിയിക്കുകയാണ് വേണ്ടതെന്നും ശല്യമുണ്ടാക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അസമിലും സമാനമായ രീതിയിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മോശം ഭക്ഷണത്തിൽ പ്രകോപിതരായ അന്തേവാസികളുടെ ഭീഷണി ഭയന്ന് ആരോഗ്യപ്രവർത്തകർ മുറിയിൽ അടച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതിൽ ആരോഗ്യപ്രവർത്തകർ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.