ഫണ്ടില്ലെങ്കിൽ സ്ഥാനാർഥിയാകാനുമില്ല; ഒഡിഷ കോൺഗ്രസിൽ പുതിയ കലഹം
text_fieldsഭുവനേശ്വർ: വെറുതെ സ്ഥാനാർഥിയാക്കിയാൽ മാത്രം പോരാ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടുകൂടി പാർട്ടി അനുവദിക്കണം. ഫണ്ടില്ലാതെ പിന്നെ എങ്ങനെ പ്രചാരണം പൊടിപൊടിക്കും. ഒഡിഷയിലെ പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുചാരിത മൊഹന്തിയും ചോദിക്കുന്നത് ഇതുതന്നെയാണ്: സ്ഥാനാർഥിപ്പട്ടമൊക്കെ നൽകി കളത്തിലിറക്കിയെങ്കിലും വഴിച്ചെലവിനുള്ള പണം പാർട്ടി നൽകിയില്ല. എന്നാൽപിന്നെ, സ്ഥാനാർഥിത്വം വേണ്ടെന്ന നിലപാടിലാണവർ. വിഷയം ഉന്നയിച്ചും സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി കാണിച്ചും അവർ പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയക്കുകയും ചെയ്തു.
മുൻ കോൺഗ്രസ് എം.പി ബ്രജ്മോഹൻ മൊഹന്തിയുടെ മകളാണ് മാധ്യമ പ്രവർത്തക കൂടിയായ സുചാരിത. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അവർ ആദ്യം പണം ആവശ്യപ്പെട്ടത് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് അജോയ് കുമാറിനോടാണ്. പണം സ്വന്തം നിലയിൽ കണ്ടെത്താനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. സമാനമായ ഉത്തരം വീണ്ടും പാർട്ടി നേതൃത്വത്തിൽനിന്നും ലഭിച്ചതോടെയാണ് ടിക്കറ്റ് മടക്കി നൽകാൻ സുചാരിത തീരുമാനിച്ചത്. സ്ഥാനാർഥിത്വം പിൻവലിച്ചെങ്കിലും കോൺഗ്രസിൽ തന്നെ തുടരുമെന്ന് അവർ വ്യക്തമാക്കി.
സുചാരിതയുടെ ആരോപണം അജോയ് കുമാർ നിഷേധിച്ചു. പാർട്ടി ഉടൻ തന്നെ മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2014ലും സുചാരിത ഇവിടെ നിന്ന് ജനവിധി തേടിയിരുന്നു. ബി.ജെ.ഡിയുടെ സിറ്റിങ് എം.പി പിനാകി മിശ്രയോട് അവർ രണ്ടര ലക്ഷത്തിൽപരം വോട്ടുകൾക്ക് പരാജയപ്പെട്ടു. 2019ലും പിനാകി ഇവിടെനിന്ന് വിജയിച്ചു. ഇക്കുറി പിനാകി മിശ്രക്ക് പകരം മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അരൂപ് പട്നായികിനെയാണ് ബി.ജെ.ഡി കളത്തിലിറക്കിയിരിക്കുന്നത്. ദേശീയ വക്താവ് സാംപിത് പത്രയാണ് ബി.ജെ.പി സ്ഥാനാർഥി. 1998 മുതൽ ബി.ജെ.ഡിയുടെ ഉറച്ച മണ്ഡലമാണ് പുരി. നാളെയാണ് ഇവിടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.