കഴിവുള്ള വ്യക്തി; എം.പിയായില്ലെങ്കിലും രാഷ്ട്രീയ പ്രവർത്തനം തുടരാമല്ലോ -വരുൺ ഗാന്ധിക്ക് ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിൽ മനേക ഗാന്ധി
text_fieldsന്യൂഡൽഹി: വരുൺ ഗാന്ധിക്ക് ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിൽ പ്രതികരിച്ച് അമ്മയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ''ഉത്തർപ്രദേശിലെ പിലിഭിത്ത് മണ്ഡലത്തിൽ മറ്റൊരു സ്ഥാനാർഥിയെ നിർത്തിയ ബി.ജെ.പിയുടെ തീരുമാനം മാനിക്കുന്നു. പാർട്ടിയുടെ തീരുമാനം വെല്ലുവിളിക്കാനില്ല. അതിനെ മാനിക്കുന്നു. വരുണിൽ എനിക്ക് വളരെയധികം വിശ്വാസമുണ്ട്. കഴിവുള്ള വ്യക്തിയാണവൻ. ഏൽപിക്കുന്ന കാര്യങ്ങൾ ഏറ്റവും മികവോടെ ചെയ്യാൻ സാധിക്കും.''-മനേക പറഞ്ഞു.
ചിലയാളുകൾ എം.പിമാരാകും. എന്നാൽ എം.പിമാർ അല്ലെന്നിരിക്കിലും മറ്റു ചിലർ രാഷ്ട്രീയ പ്രവർത്തനം തുടരും. ജീവിതത്തിൽ എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് മുൻകൂട്ടി കാണാനാകില്ലെന്നും മനേക പറഞ്ഞു.
പിലിഭിത്തിൽ നിന്ന് രണ്ടു തവണയാണ് വരുൺ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1989ൽ മനേക ഇവിടെ നിന്ന് വിജയിച്ചതുമുതൽ മണ്ഡലം അവരുടെ കുടുംബകാര്യമായി മാറി. 996നുശേഷം ആദ്യമായാണ് ബി.ജെ.പിക്കുവേണ്ടി വരുണോ അമ്മ മനേക ഗാന്ധിയോ മത്സരിക്കാതെ മണ്ഡലം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രികൂടിയായ ജിതിൻ പ്രസാദയാണ് ഇക്കുറി ബി.ജെ.പി സ്ഥാനാർഥി.
യു.പിയിലെ സുൽത്താൻപൂരിൽ നിന്നാണ് മനേക ജനവിധി തേടുന്നത്. കഴിഞ്ഞ തവണയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മനേക പാർലമെന്റിലെത്തിയത്. ജനങ്ങളെ സേവിക്കാൻ വീണ്ടും അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും മനേക വ്യക്തമാക്കി. പരമാവധി വോട്ടുകൾ ലഭിക്കാനായുള്ള പ്രവർത്തനം തുടരുകയാണെന്നും എട്ടു തവണ എം.പിയായ മനേക സൂചിപ്പിച്ചു.
രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മറ്റ് രാഷ്ട്രീയ നേതാക്കളുടെ കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും അവർ നല്ല പോരാട്ടം കാഴ്ചവെച്ചാൽ മികച്ച വിജയം ലഭിക്കുമെന്നും മനേക കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി അമേത്തിൽ മത്സരിക്കാതെ റായ്ബറേലി തെരഞ്ഞെടുത്തതിൽ പല ബി.ജെ.പി നേതാക്കളും വിമർശനമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.