മുഹമ്മദ് നബിക്കെതിരായ പരാമർശം: ബി.ജെ.പി വക്താവ് നുപുർ ശർമക്കും മീഡിയ ഇൻചാർജ് നവീൻ ജിൻഡാലിനും സസ്പെൻഷൻ
text_fieldsന്യൂഡൽഹി: മുഹമ്മദ് നബിക്കെതിരായ മോശം പരാമർശത്തിൽ ബി.ജെ.പി വക്താക്കൾക്കെതിരെ അച്ചടക്കനടപടി. പാർട്ടി ദേശീയ വക്താവ് നുപൂർ ശർമ, ബി.ജെ.പി ഡൽഹി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാൽ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ബി.ജെ.പി ഡൽഹി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുവമോർച്ചയുടെ പ്രമുഖ മുഖവുമാണ് നൂപൂർ ശർമ്മ.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് ബി.ജെ.പി വ്യക്തമാക്കി. ഏതെങ്കിലും മത വിഭാഗത്തെ നിന്ദിക്കുന്നത് പ്രോത്സാഹിപ്പിക്കല്ലെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ് വ്യക്തമാക്കി. ഏതെങ്കിലും മതവിഭാഗവുമായി ബന്ധമുള്ള വ്യക്തികളെ അധിക്ഷേപിക്കുക എന്നത് ബി.ജെ.പി നിലപാടെല്ലെന്നും നുപുർ ശർമയെ നേരിട്ട് പരാമർശിക്കാതെ ബി.ജെ.പി വ്യക്തമാക്കി.
നുപുർ ശർമ ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തെ തുടർന്നുള്ള പ്രതിഷേധമാണ് കാൺപൂരിൽ സംഘർഷത്തിന് ഇടയാക്കിയത്. ഇരുവരുടെയും പരാമർത്തിനെതിരെ വിവിധ മുസ്‍ലം സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിവാദം തണുപ്പിക്കാൻ ബി.ജെ.പി നടപടിക്ക് തയ്യാറായത്.
ട്വീറ്റിലൂടെയായിരുന്നു നവീൻ കുമാർ ജിൻഡാലിന്റെ അധിേക്ഷപാർഹമായ പരാമർശം. ഈ ട്വീറ്റുകൾ അദ്ദേഹം പിന്നീട് പിൻവലിച്ചു. ഇവരുടെ പരാമർശത്തെ തുടർന്ന് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ചില രാജ്യങ്ങളിൽ ട്വിറ്ററിൽ ട്രെൻഡായിരുന്നു.
ഗ്യാൻവാപി വിഷയത്തിൽ ഒരു ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് ശർമ്മയുടെ വിവാദ പരാമർശങ്ങൾ ഉണ്ടായത്. മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്ലിംകൾ പരിഹസിച്ചു. അതിനാൽ, മുസ്ലിം മതഗ്രന്ഥങ്ങളിൽ ചില കാര്യങ്ങൾ ഉണ്ടെന്നും ആളുകൾക്ക് അവയെ പരിഹസിക്കാമെന്നും നുപുർ ശർമ്മ പറഞ്ഞിരുന്നു. കൂടാതെ, ആക്ഷേപകരമായ ചില പരാമർശങ്ങളും അവർ നടത്തി.
ഇസ്‍ലാം മതത്തിനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നുപുർ ശർമ്മക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇന്ത്യൻ സുന്നി മുസ്ലിംകളുടെ സംഘടനയായ റാസ അക്കാദമിയുടെ പരാതിയിലാണ് ശർമ്മക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 295 എ (മതവികാരം വ്രണപ്പെടുത്തൽ), 153 എ (വിദ്വേഷം വളർത്തൽ), 505 ബി എന്നീ വകുപ്പുകൾ പ്രകാരം മുംബൈയിലെ പൈഡോണി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
നുപുർ ശർമ്മയുടെ പരാമർശത്തിൽ നാഷണൽ കോൺഫറൻസ് (എൻ.സി) ശർമ്മക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താവിന്റെ പരാമർശങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നതായി യൂത്ത് നാഷണൽ കോൺഫറൻസിന്റെ പ്രവിശ്യ പ്രസിഡന്റ് സൽമാൻ അലി സാഗർ പറഞ്ഞു. വർഗീയ വികാരം ആളിക്കത്തിക്കാനായി മുസ് ലിംകളുടെ ഏറ്റവും പവിത്രമായ നാമം ഉപയോഗിക്കുന്ന ഇത്തരം പരാമർശങ്ങൾക്ക് ബി.ജെ.പിയും കേന്ദ്ര സർക്കാരും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.