മഞ്ഞ് പുതച്ച് ഡൽഹി നഗരം
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഡൽഹിയിൽ അന്തരീക്ഷ താപനില ആറ് ഡിഗ്രി സെൽഷ്യസിന് താഴെയായി.
കനത്ത മൂടൽമഞ്ഞ് ട്രെയിൻ, വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. ഇനിയും തണുപ്പ് കൂടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജനുവരി എട്ട് വരെ ഡൽഹിയിൽ മൂടൽമഞ്ഞ് തുടരാനാണ് സാധ്യത. തുടർച്ചയായ അഞ്ചാം ദിവസമാണ് ഡൽഹിയിൽ തണുപ്പ് തുടരുന്നത്. വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യം ആശങ്ക കൂട്ടുന്നുണ്ട്. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് അടക്കം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏതാനും ദിവസം കൂടി ശൈത്യതരംഗം തുടരും.
നോയിഡയിൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും 340 ന് മുകളിലാണ് വായുഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. തണുപ്പ് കടുത്തതോടെ ഹൃദയസംബന്ധമായ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.
സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി വിമാന സർവീസിനെ മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. റൺവേ ദൃശ്യപരത 200 മുതൽ 500 മീറ്റർ വരെയാണ്. കുറഞ്ഞ ദൃശ്യപരതയിൽ വിമാനങ്ങൾ ഇറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നുണ്ടെന്നും ഡൽഹി വിമാനത്താവളം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.