സീറ്റ് നിഷേധിച്ചാൽ കനത്ത വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാർ
text_fieldsഹുബ്ബള്ളി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ബി.ജെ.പി നേതൃത്വത്തെ വെല്ലുവിളിച്ച് വീണ്ടും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ. തനിക്ക് ടിക്കറ്റ് നിഷേധിച്ചാൽ 20 മുതൽ 25 സീറ്റുകളിൽ വരെ പാർട്ടി കനത്തെ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തവണ സീറ്റ് നൽകില്ലെന്ന് നേതൃത്വം അറിയിച്ചതിനു പിന്നാലെയാണ് വിമതസ്വരവുമായി അദ്ദേഹം രംഗത്തെത്തിയത്.
സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വരെ കാത്തിരിക്കുമെന്നും അതിനുശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും ഷെട്ടാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹുബ്ലി-ധാർവാഡ് സെൻട്രൽ സീറ്റിലെ എം.എൽ.എയാണ് നിലവിൽ. ഈ സീറ്റ് ഉൾപ്പെടെ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കൂടി ഇനിയും പ്രഖ്യാപിക്കാനുണ്ട്. നാളെ വരെ ഞാൻ കാത്തിരിക്കും, അതിനുശേഷം തുടർനടപടി തീരുമാനിക്കും -ഷെട്ടാർ പറഞ്ഞു. മുതിർന്ന പാർട്ടി നേതാക്കളെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് ബി.ജെ.പിയെ ഏതുതരത്തിൽ ബാധിക്കുമെന്ന ചോദ്യത്തിന്, ഭരിക്കുന്നവരാണ് അതിനെ കുറിച്ച് ചിന്തിക്കേണ്ടതെന്നായിരുന്നു മറുപടി.
‘അത് പ്രതികൂലമായി ബാധിക്കില്ലെന്ന് പാർട്ടി ഉറപ്പാക്കണം. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പോലും പറഞ്ഞത് ഷെട്ടാറിന് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ അത് ഒരു സീറ്റിൽ മാത്രമല്ല... വടക്കൻ കർണാടകയിലെ പല മണ്ഡലങ്ങളിലും -- കുറഞ്ഞത് 20 മുതൽ 25 മണ്ഡലങ്ങളിലെങ്കിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ്’ -ഷെട്ടാർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 224 നിയമസഭാ സീറ്റുകളിലേക്ക് മെയ് 10നാണ് തെരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.