ക്ഷേത്രപരിസരത്ത് മുസ്ലീംകളുടെ കച്ചവടത്തിന് അനുമതി നിഷേധിക്കൽ; വ്യാപാരികൾ പരാതി നൽകി
text_fields
ദക്ഷിണ കന്നഡ: കർണാടകയിൽ ക്ഷേത്രപരിസരത്ത് കച്ചവടം നടത്തുന്ന മുസ്ലീം വ്യാപാരികളെ ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ചർച്ചയാകുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ വ്യാപാരികളുടെ ഏകോപന സമിതി മുസ്ലീങ്ങൾക്ക് ക്ഷേത്ര പരിസരത്ത് കച്ചവടം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കന്നഡ ജില്ലാ കമ്മീഷണർക്ക് നിവേദനം നൽകി. ചില ക്ഷേത്ര കമ്മിറ്റികൾ മുസ്‍ലിംകൾക്ക് ഉത്സവസമയത്തും മറ്റും ക്ഷേത്ര പരിസരങ്ങളിൽ വ്യാപാരം നടത്താൻ അനുവാദം നിഷേധിച്ച സാഹചര്യത്തിലാണ് വ്യാപാരികളുടെ കൂട്ടായ്മ ഈ ആവശ്യവുമായി മുന്നോട്ടു വന്നത്.
ദക്ഷിണ കന്നഡ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷസമയത്ത് മുസ്ലീം വ്യാപാരികളെ കച്ചവടത്തിൽനിന്ന് വിലക്കിയിരുന്നു. നവരാത്രി മേള ഒക്ടോബർ 15 മുതൽ 24 വരെയാണ് നടക്കുക. മേളയിൽ മുസ്ലീം വ്യാപാരികളെ പങ്കെടുപ്പിക്കില്ലെന്ന് ക്ഷേത്ര മാനേജ്‌മെന്റ് തീരുമാനിക്കുകയും മംഗളൂരു സിറ്റി കോർപ്പറേഷന്റെ കീഴിലുള്ള ക്ഷേത്രത്തിന് വ്യാപാരികൾക്ക് സ്റ്റാളുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ വ്യാഴാഴ്ച വ്യാപാരി കൂട്ടായ്മ പരാതി നൽകുകയായിരുന്നു. അതേസമയം തീരദേശ ജില്ലകളിൽ ക്ഷേത്ര കമ്മിറ്റികൾ മുസ്‍ലിംകൾക്കെതിരെയുള്ള വിലക്ക് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.