ഡിയോറിയ കൊലപാതകം: പ്രതിയുടെ വീട് തകർക്കാനുള്ള ഉത്തരവിന് അലഹബാദ് ഹൈകോടതിയുടെ സ്റ്റേ
text_fieldsപ്രയാഗ്രാജ്: ഡിയോറിയ ജില്ലയിൽ ഭൂമി തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടയാളുടെ പിതാവിന്റെ വീട് പൊളിക്കാനുള്ള ഉത്തരവ് അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തു. ഒക്‌ടോബർ രണ്ടിനാണ് ദിയോറിയയിലെ ഫത്തേപൂർ ഗ്രാമത്തിൽ ഭൂമി തർക്കത്തിൽ ആറു പേർ കൊല്ലപ്പെട്ടത്. ആറുപേരിൽ ഒരാളായ പ്രേംചന്ദ് യാദവിന്റെ വീട് പൊളിക്കുന്നതിനുള്ള ഡിയോറിയ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥന്റെ ഉത്തരവ് അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തത്.
മുൻ ജില്ലാ പഞ്ചായത്തംഗം പ്രേംചന്ദിന്റെ വീട് പൊളിക്കാൻ ഒക്‌ടോബർ 11ന് ഡിയോറിയ തഹസിൽദാർ ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ പിതാവ് രാംഭവൻ യാദവ് ഹൈകോടതിയെ സമീപിച്ചു. ഒക്ടോബർ രണ്ടിന് 50കാരനായ പ്രേംചന്ദിനെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പ്രതികാരമായി പ്രേംചന്ദിന്റെ പിതാവ് എതിരാളിയെയും കുടുംബത്തെയും ആക്രമിക്കുകയും കുട്ടികളടക്കം അഞ്ച് കുടുംബാംഗങ്ങളെയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
'ഖലിഹാൻ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഗ്രാമസഭ ഭൂമിയിൽ വീട് നിർമിച്ചുവെന്നാരോപിച്ച് ഒക്ടോബർ 11ന് ബന്ധപ്പെട്ട തഹസിൽദാർ പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ രാംഭവൻ യാദവ് അപ്പീൽ നൽകി. യു.പി റവന്യൂ കോഡ്, 2006 ലെ സെക്ഷൻ 67 (5) പ്രകാരം രാംഭവൻ ഹരജി സമർപ്പിച്ചെങ്കിലും വീട് പൊളിക്കുന്നതിൽ അധികാരികൾ ഉറച്ചുനിൽക്കുകയാണെന്ന് അഭിഭാഷകൻ വാദിച്ചു. വാദം കേൾക്കാനുള്ള അവസരം നൽകാതെയും സർവേയും അതിർത്തി നിർണയവും നടത്താതെയുമാണ് ഹരജിക്കാരനെ പുറത്താക്കാനും നഷ്ടപരിഹാരത്തിനും ഉത്തരവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തർക്കത്തിലുള്ള ഭൂമി 'ഖലിഹാൻ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നും സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാൻഡിങ് കൗൺസൽ ജെ.എൻ മൗര്യ വാദിച്ചു. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ കോടതിയുടെ വാദങ്ങളും നിയമവും പരിശോധിച്ച ശേഷം തഹസിൽദാർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ബന്ധപ്പെട്ട കലക്ടർക്ക് മുമ്പാകെ രണ്ടാഴ്ചക്കകം അപ്പീൽ നൽകാൻ കോടതി ഹരജിക്കാരനോട് നിർദേശിച്ചു.
നിശ്ചിത കാലയളവിനുള്ളിൽ അപ്പീൽ ഫയൽ ചെയ്താൽ അത് നിയമാനുസൃതമായി രജിസ്റ്റർ ചെയ്യുകയും തീർപ്പാക്കുകയും ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. ഒക്‌ടോബർ 11ന് വീട് പൊളിക്കുന്നതിനും നാശനഷ്‌ടങ്ങൾക്കുമായി പുറപ്പെടുവിച്ച ഉത്തരവ് ഹരജിക്കാരന്റെ അപ്പീൽ തീർപ്പാക്കുന്നതുവരെ ബാധകമല്ലെന്നും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.