‘മന്ത്രിയാകാൻ പക്വതയില്ലാത്ത ആൾ എങ്ങനെ ഉപമുഖ്യമന്ത്രിയാകും’; ഉദയനിധി സ്റ്റാലിനെതിരെ ബി.ജെ.പി തമിഴ്നാട് നേതൃത്വം
text_fieldsചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പുത്രനും ഡി.എം.കെ യുവ നേതാവുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി തമിഴ്നാട് നേതൃത്വം. ഉദയനിധിക്കെതിരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതിയാണ് രംഗത്തെത്തിയത്.
ഉദയനിധിക്ക് മന്ത്രിയാകാനുള്ള പക്വതയില്ലെന്നും അങ്ങനെയുള്ളയാൾ എങ്ങനെ ഉപമുഖ്യമന്ത്രി ആകുമെന്നും നാരായണൻ തിരുപ്പതി ചോദിച്ചു. സെന്തിൽ ബാലാജിയെ മന്ത്രിയാക്കുന്നത് തമിഴ്നാടിന് നാണക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി സ്റ്റാലിൻ മന്ത്രിസഭ അഴിച്ചുപണിയുന്നതായി ഇന്നലെയാണ് ഡി.എം.കെ പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം 3.30ന് ചെന്നൈ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉദയനിധി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
പാർട്ടി തലപ്പത്ത് നില ഭദ്രമാക്കിയും നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ചുമാണ് ഉദയനിധി സ്റ്റാലിന്‍റെ സ്ഥാനക്കയറ്റം. നിയമസഭ തെരഞ്ഞെടുപ്പ് വൈകാതെയെത്തുന്ന സംസ്ഥാനത്ത് ഉദയനിധിയെ മുന്നിൽനിർത്തി പാർട്ടിക്ക് കരുത്തുകൂട്ടുക എന്നതാണ് പുതിയ പദവിയിലൂടെ ലക്ഷ്യമിടുന്നത്.
കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.