സ്പീക്കറിൽ സമവായമില്ല; ഓം ബിർളക്കെതിരെ കൊടിക്കുന്നിൽ
text_fieldsലോക്സഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യ സ്ഥാനാർഥിയായി മത്സരിക്കാൻ
കൊടിക്കുന്നിൽ സുരേഷ് പത്രിക നൽകാനെത്തിയപ്പോൾ
ന്യൂഡൽഹി: ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുമെന്ന് ഉറപ്പ് നൽകാൻ സർക്കാർ തയാറാകാതിരുന്നതോടെ സ്പീക്കർ പദവിയിൽ സമവായ നീക്കം പൊളിഞ്ഞു. ഇതോടെ, എൻ.ഡി.എയുടെ സ്പീക്കർ സ്ഥാനാർഥി ബി.ജെ.പിയുടെ ഓം ബിർളക്കെതിരെ കൊടിക്കുന്നിൽ സുരേഷിനെ മത്സരിപ്പിക്കാൻ ഇൻഡ്യ സഖ്യം തീരുമാനിച്ചു. നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന മണിക്കൂറിലാണ് പ്രതിപക്ഷം മത്സരത്തിനിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്.
എൻ.ഡി.എ സ്ഥാനാർഥിയായ ഓം ബിർളയെ സമവായത്തിലൂടെ തെരഞ്ഞെടുക്കണമെന്ന് പ്രതിപക്ഷ കക്ഷികളോട് അഭ്യർഥിക്കാൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെയാണ് നരേന്ദ്ര മോദിയും അമിത് ഷായും ചുമതലപ്പെടുത്തിയത്. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകാൻ തയാറായാൽ ഓം ബിർളയെ സ്ഥാനാർഥിയാക്കിയാലും കുഴപ്പമില്ലെന്ന നിലപാടാണ് ഇൻഡ്യ സഖ്യം സ്വീകരിച്ചത്.
ഭരണഘടനയുടെ 95-ാം അനുച്ഛേദത്തിൽ സ്പീക്കർക്കൊപ്പം ഡെപ്യൂട്ടി സ്പീക്കറുടെയും തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്ന് നിഷ്കർഷിച്ചിട്ടും അതിന് വിരുദ്ധമാണ് നരേന്ദ്ര മോദി സർക്കാറിന്റെ നീക്കമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ, ഭരണഘടന വ്യവസ്ഥയെക്കുറിച്ച് ഒന്നും പ്രതികരിക്കാതിരുന്ന കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും പിയൂഷ് ഗോയലും സമവായത്തിലൂടെ സ്പീക്കറെ തെരഞ്ഞെടുക്കുകയാണ് കീഴ്വഴക്കമെന്നും പ്രതിപക്ഷം അതിന് ഉപാധി വെക്കുകയാണെന്നും വിമർശിച്ചു. എൻ.ഡിഎ ഘടകകക്ഷിയായ ജനതാദൾ യുവിന്റെ ലലൻ സിങ്ങും ബി.ജെ.പി നേതാക്കളുടെ നിലപാട് ശരിവെച്ചു.
ലോക്സഭയിൽ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി രാഹുലും കെ.സി. വേണുഗോപാലും ചർച്ച നടത്തിയതിനുശേഷം കൊടിക്കുന്നിൽ കോൺഗ്രസ് നേതാക്കളായ മാണിക്കം ടാഗോർ, പ്രദീപ് സിങ് ഹൂഡ, എം.കെ. രാഘവൻ, ആന്റോ ആന്റണി, ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ, ഡി.എം.കെയുടെ എ. രാജ എന്നിവർക്കൊപ്പം പോയി നാമനിർദേശ പത്രിക സമർപ്പിച്ചു. എൻ.ഡി.എ ഘടകകക്ഷി നേതാക്കൾക്കൊപ്പം വന്ന് ഓം ബിർളയും പത്രിക നൽകി. തങ്ങളുമായി കൂടിയാലോചിച്ചില്ലെന്നുപറഞ്ഞ് കൊടിക്കുന്നിലിന്റെ മത്സരത്തിൽ നിന്ന് മാറി നിൽക്കാൻ ആദ്യം തൃണമുൽ കോൺഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി വൈകീട്ട് അഭിഷേക് ബാനർജിയുമായി സംസാരിച്ചതോടെയാണ് ഇരുകൂട്ടർക്കുമിടയിൽ മഞ്ഞുരുകിയത്.
542 അംഗ സഭയിൽ 271 വോട്ടാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടത്. നിലവിൽ 293 അംഗങ്ങളുള്ള എൻ.ഡി.എക്ക് ജയം ഉറപ്പാണെങ്കിലും ഏകപക്ഷീയമായ നിലപാടുമായി മുന്നോട്ടുപോകാൻ സർക്കാറിനെ അനുവദിക്കേണ്ടെന്ന നിലപാടിലാണ് സ്ഥാനാർഥിയെ നിർത്താൻ സഖ്യം തീരുമാനിച്ചത്. ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയോട് ദയനീയമായി തോറ്റ ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ.സി.പിയുടെ നാല് എം.പിമാരും എൻ.ഡി.എ സ്ഥാനാർഥിക്ക് വോട്ടുചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.