വിശ്വാസം ഉലഞ്ഞ് ദേര അനുയായികൾ
text_fieldsസിർസ (ഹരിയാന): ബലാത്സംഗക്കേസിൽ 20 വർഷം ശിക്ഷ വിധിക്കപ്പെട്ട് ദേര സച്ചാ സൗദ മേധാവി അഴിക്കുള്ളിലായതിനെ തുടർന്ന് ആശ്രമവാസികൾ കുടിയൊഴിയുന്നു. സിർസയിലെ ദേര ആസ്ഥാനത്തുനിന്ന് വിട്ടുപോകുന്നവരിൽ ഭൂരിപക്ഷവും അവരുടെ വിശ്വാസത്തിനേറ്റ തിരിച്ചടിയിൽ സ്തബ്ധരാണ്. തനിക്ക് ഗുരുജിയിൽ വിശ്വാസം നഷ്ടപ്പെട്ടതായി കഴിഞ്ഞ മൂന്നു വർഷമായി ആശ്രമത്തിൽ കഴിയുന്ന 51കാരനായ ഫതേഹ് സിങ് പറയുന്നു. ആശ്രമത്തിലെ ജീവനക്കാർ തന്നെ പിടിച്ചുവെക്കാൻ ശ്രമിച്ചുവെന്നും അവരിൽനിന്ന് ഒരു കണക്കിനാണ് രക്ഷപ്പെട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഗുരുജിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അനുയായികൾക്ക് അദ്ദേഹത്തോട് ആത്മബന്ധമാണുള്ളതെന്നും കുൽദീപ് സിങ് എന്ന ആശ്രമവാസി പറഞ്ഞു. കഴിഞ്ഞ 17 വർഷമായി സിർസയിൽ കഴിയുന്ന 70കാരനായ അൽമത് തെൻറ ഗുരുവിന് സംഭവിച്ച കാര്യങ്ങളുടെ ഞെട്ടലിലാണ് ഇപ്പോഴും. ഇനി ഇങ്ങോട്ടില്ലെന്ന് പറഞ്ഞാണ് അദ്ദേഹം ആശ്രമം വിടുന്നത്.
ശിക്ഷവിധി പ്രഖ്യാപിക്കുന്നതിനു മുമ്പ് ദേര ആസ്ഥാനത്തെത്തിയ നിരവധിപേർ ഗുർമീത് അഴിയിലായതോടെ അവിടെനിന്ന് മടങ്ങുകയാണ്. ഇനി ആശ്രമത്തിൽ 200 പേരാണ് ഉള്ളതെന്നും ഇതിൽ കൂടുതലും ജീവനക്കാരാണെന്നും അധികൃതർ പറഞ്ഞു. അതിനിടെ ദേര ആശ്രമ സ്വത്തുക്കൾ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽചെയ്തു. ഡൽഹിയിൽ അക്രമങ്ങൾക്ക് ദൃക്സാക്ഷിയായ ഹമ്മദ് സക്കീൽ എന്നയാളാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.