റെയില്‍വേ ദുരന്തം തുടര്‍ക്കഥ; സോണിയയും മമതയും സര്‍ക്കാറിനെതിരെ
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് യാത്രക്കുവേണ്ടി ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന റെയില്‍വേയില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നു. ശനിയാഴ്ച രാത്രി ആന്ധ്ര-ഒഡിഷ അതിര്‍ത്തിയില്‍ ഹിരാഖണ്ഡ് എക്സ്പ്രസ് പാളംതെറ്റിയതാണ് അവസാനമായുണ്ടായ അപകടം.
അപകടത്തില്‍ 39 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഴ്ചകള്‍ക്കു മുമ്പാണ് കാണ്‍പുരില്‍ അജ്മീര്‍ എക്സ്പ്രസ് പാളംതെറ്റിയത്. അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറില്‍ കാണ്‍പുരില്‍ തന്നെ മറ്റൊരപകടത്തില്‍ ഇന്ദോര്‍-പട്ന എക്സ്പ്രസ് പാളംതെറ്റി 150 പേര്‍ മരിക്കുകയും 260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. ഇതുകൂടാതെ കന്യാകുമാരി-ബാംഗ്ളൂര്‍ എക്സ്പ്രസ് വെല്ലൂരിലും തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് അങ്കമാലിക്ക് സമീപവും പാളംതെറ്റി നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഏഴിലധികം ദുരന്തങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായത്. 2015ലും നിരവധി ട്രെയിന്‍ അപകടങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്.
ഹിരാഖണ്ഡ് എക്സ്പ്രസ് പാളംതെറ്റിയ സംഭവം കൂടിയായതോടെ തുടരെയുണ്ടാകുന്ന റെയില്‍വേ ദുരന്തങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തത്തെിയിട്ടുണ്ട്. ജനങ്ങള്‍ക്ക് റെയില്‍വേയിലുണ്ടായ വിശ്വാസമാണ് നഷ്ടമാവുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
റെയില്‍വേ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന യാത്രമാര്‍ഗമാണിതെന്നും അതിനനുസരിച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സോണിയ ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ സുരക്ഷ ഇന്ത്യന്‍ റെയില്‍വേ അവഗണിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.