ദേരാപൂരിൽ നിന്ന് റെയ്സിന ഹില്ലിലേക്ക്
text_fieldsദലിത് വിഭാഗത്തില്‍നിന്ന് ബി.ജെ.പിയുടെ നേതൃപദവിയിലേക്ക് ഉയര്‍ന്ന ആദ്യകാല നേതാക്കളില്‍ ഒരാളാണ് രാം നാഥ് കോവിന്ദ്. 1998ൽ കുശഭാവു താക്കറെ ബി.ജെ.പി പ്രസിഡൻറായിരിക്കെ ദലിത് മോർച്ച അധ്യക്ഷനായ അദ്ദേഹം 2002 വരെ ആ സ്ഥാനത്ത് തുടർന്നു. 2012ൽ ഉത്തർപ്രദേശ് ബി.ജെ.പി ജനറൽ സെക്രട്ടറിയായതോടെയാണ് സമകാലിക രാഷ്ട്രീയത്തിൽ സജീവമായത്.
കെ.ആർ. നാരായണനുശേഷം രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ ദലിത് വിഭാഗക്കാരനായ കോവിന്ദ് 2015 മുതൽ 2017 ജൂൺ 20 വരെ ബിഹാർ ഗവർണറായി. രണ്ടുതവണയായി 12 വർഷം രാജ്യസഭ എം.പി. ബി.ജെ.പി ദേശീയ വക്താവായിരുന്ന അദ്ദേഹം വിവിധ പാര്‍ലമെൻറ് കമ്മിറ്റികളുടെ തലവന്‍കൂടിയായിരുന്നു. ആർ.എസ്.എസ് പോഷകസംഘടനയായ അഖില ഭാരതീയ കോലി സമാജ് പ്രസിഡൻറാണ്.
കാണ്‍പുര്‍ സര്‍വകലാശാലയില്‍നിന്ന് കോമേഴ്സിലും നിയമത്തിലും ബിരുദം. രണ്ടു തവണ സിവില്‍ സര്‍വിസ് പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ വിജയിച്ചു. എന്നാൽ, ഐ.എ.എസ് ലഭിക്കാത്തതിനാൽ സിവില്‍ സര്‍വിസ് വേണ്ടെന്നുവെച്ച് നിയമമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1971ൽ ഡൽഹി ബാർ കൗൺസിലിൽ എൻറോൾ ചെയ്തു. അഭിഭാഷകനായി ഡല്‍ഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും 16 വര്‍ഷം. 1977 മുതൽ 79 വരെ ഡൽഹി ഹൈകോടതിയിൽ കേന്ദ്ര സർക്കാറിെൻറ അഭിഭാഷകനായിരുന്നു. 1980 മുതൽ 1993 വരെ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാറിെൻറ സ്റ്റാൻഡിങ് കോൺസൽ. 1977ൽ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേഴ്സനൽ സ്റ്റാഫിൽ.
1990ൽ ബി.ജെ.പി ടിക്കറ്റിൽ യു.പിയിലെ ഘട്ടംപുർ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും തോറ്റു. 2007ൽ ഭോഗ്നിപുരിൽനിന്ന് നിയമസഭയിലേക്ക് ഒരുകൈനോക്കിയപ്പോഴും പരാജയപ്പെട്ടു. 1994ലും 2000ത്തിലും ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002 ഒക്ടോബറിൽ െഎക്യരാഷ്ട്രസഭ പൊതുഅസംബ്ലിയിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പ്രസംഗിച്ചു. നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു.
മെംബർ ഒാഫ് പാർലമെൻറ് ലോക്കൽ ഏരിയ െഡവലപ്മെൻറ് പദ്ധതിയുടെ ഭാഗമായി യു.പിയിലെയും ഉത്തരാഖണ്ഡിലെയും ഗ്രാമങ്ങളിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ കെട്ടിടനിർമാണമടക്കമുള്ള അടിസ്ഥാന സൗകര്യവികസനം വ്യാപകമാക്കി. ഗ്രാമീണ, കാർഷിക, പിന്നാക്ക മേഖലകളിൽ പ്രവർത്തിച്ച പാരമ്പര്യം. ചില സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരെ 1997ല്‍ അദ്ദേഹം നടത്തിയ ‘എസ്.സി/എസ്.ടി എംേപ്ലായീസ് മൂവ്മെൻറ്’ ശ്രദ്ധ നേടി.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറായ് മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി ടിക്കറ്റ് ലഭിച്ചില്ല.
പിന്നാക്ക വിഭാഗക്കാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നല്കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് രാം നാഥ് കോവിന്ദ് 2010ൽ നടത്തിയ പ്രസ്താവന വിവാദമുണ്ടാക്കി. സര്‍ക്കാര്‍ ജോലികളില്‍ മുസ്ലിംകൾക്ക് 10 ശതമാനവും മറ്റു ന്യൂനപക്ഷങ്ങൾക്ക് അഞ്ചു ശതമാനവും സംവരണം നല്‍കണമെന്ന 2009ലെ രംഗനാഥ് മിശ്ര കമീഷൻ നിര്‍ദേശത്തെക്കുറിച്ച് പ്രതികരിക്കവെ, റിപ്പോര്‍ട്ട് നടപ്പാക്കുന്നത് അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ ഇന്ത്യക്ക് അന്യമാണെന്നും അവര്‍ക്കായുള്ള സംവരണം ഒഴിവാക്കണമെന്നും കൂടി അദ്ദേഹം പറഞ്ഞു. ദേരാപുരിൽ പാരമ്പര്യമായി ലഭിച്ച വീട് ആർ.എസ്.എസിനു നൽകി സംഘ്പരിവാർ കൂറ് പ്രഖ്യാപിച്ചിട്ടുള്ള കോവിന്ദ് അച്ചടക്കമുള്ള ‘സ്വയം േസവകൻ’ കൂടിയാണ്. ‘ഡോ. ശ്യാമപ്രസാദ് മുഖർജി റിസർച് ഫൗണ്ടേഷൻ’ അധ്യക്ഷനായിരുന്നു.
ഡൽഹിയിൽ സ്ഥിരതാമസക്കാരനായ കോവിന്ദ് ഉത്തര്‍പ്രദേശിലെ കാൺപുർ ദേഹാത്ത് ജില്ലയിൽ ദേരാപുരിലെ പാരൗഖ് ഗ്രാമത്തിൽ പലവ്യഞ്ജന കച്ചവടക്കാരൻ മൈകുലാലിെൻറ മകനായി 1945 ഒക്ടോബർ ഒന്നിന് ജനിച്ചു. ചെറുപ്പത്തിൽ വായനയിൽ അതീവതൽപരനായിരുന്ന അദ്ദേഹം അപൂർവ ഒാർമശക്തിക്കുടമയാണെന്ന് സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു. മിതഭാഷി, സൗമ്യൻ. സവിത കോവിന്ദാണ് ഭാര്യ. രണ്ടു മക്കളുണ്ട്; പ്രശാന്ത്കുമാറും സ്വാതിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.