കമൽഹാസെൻറ താരമൂല്യം വോട്ടായില്ല; കൂട്ടത്തോടെ കൂടു വിട്ട് നേതാക്കൾ
text_fieldsതമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തെ തുടർന്ന് കമൽ ഹാസെൻറ മക്കൾ നീതി മയ്യത്തിൽ രൂപപ്പെട്ട കലഹം പുറത്തേക്ക്. താരപൂജ എന്നൊന്നില്ല എന്നാണ് പാർട്ടിവിട്ട നേതാവ് സി.കെ കുമാരവേൽ പറഞ്ഞത്. നേതൃനിരയിലെ പ്രമുഖരെല്ലാം പാർട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാനാകാത്തതിൽ കടുത്ത നിരാശയിലായിരുന്നു നേതാക്കളേറെയും. എന്നാൽ, ഇപ്പോൾ പുറത്തു പോകുന്നത് ആവശ്യമില്ലാത്ത കളകളാണ് എന്നാണ് കമൽഹാസൻ നേതാക്കളുടെ രാജിയോട് പ്രതികരിച്ചത്.
മൂന്നു വർഷം മുമ്പ് രൂപീകരിച്ച കമൽഹാസെൻറ മക്കൾ നീതി മയ്യം തമിഴ്നാട്ടിൽ 294 സീറ്റിലും മത്സരിച്ചിരുന്നു. എന്നാൽ, കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിച്ച കമൽഹാസനടക്കമുള്ള ഒരു സ്ഥാനാർഥിക്കും വിജയിക്കാനായില്ല. ഇതേ തുടർന്ന് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നതാണ് പിന്നെ കണ്ടത്. വൈസ് പ്രസിഡൻറ് ആർ. മഹേന്ദ്രൻ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു എന്നിവരൊക്കെ പാർട്ടി വിട്ടു.
വൈസ് പ്രസിഡൻറ് മഹേന്ദ്രൻ പാർട്ടി വിട്ടപ്പോൾ വഞ്ചകൻ എന്നാണ് കമൽ ഹാസൻ വിശേഷിപ്പിച്ചത്. വഞ്ചകൻമാരുടെ അപസ്വരങ്ങൾ നീങ്ങുന്നതോടെ പാർട്ടിയുടേത് ഏകസ്വരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
കളകൾ പാർട്ടിയിൽ നിന്ന് നീങ്ങുന്നതോടെ പാർട്ടിയുടെ വളർച്ച ആരംഭിക്കുമെന്നും കമൽഹാസൻ പറഞ്ഞു. ജനറൽ സെക്രട്ടറി സന്തോഷ് ബാബു അടക്കമുള്ളവർ വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടിവിടുന്നു എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പാർട്ടിയിൽ ജനാധിപത്യമില്ല എന്ന് ആരോപിച്ചാണ് എം. മുരുകാനന്ദൻ പാർട്ടി വിട്ടത്.
മുൻ ഐ.പി.എസ് ഓഫിസർ എ.ജി. മൗര്യ, തങ്കവേൽ, ഉമാദേവി, സി.കെ. കുമാരവേൽ, ശേഖർ, സുരേഷ് അയ്യർ എന്നിവരെല്ലാം പാരാജയത്തെ തുടർന്ന് വ്യത്യസ്ത കാരണങ്ങൾ ചൂണ്ടികാട്ടി പാർട്ടി വിട്ടവരാണ്.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പിലും മക്കൾ നീതി മയ്യം മത്സരിച്ചിരുന്നു. അന്ന് 3.7 ശതമാനം വോട്ടാണ് മക്കൾ നീതി മയ്യം നേടിയത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എ.െഎ.എ.ഡി.എം.കെയും സഖ്യകക്ഷിയായ ബി.ജെ.പിയും ഒരുഭാഗത്തും മറുഭാഗത്ത് സ്റ്റാലിെൻറ നേതൃത്വത്തിൽ ഡി.എം.കെയും അണിനിരന്നപ്പോൾ കമൽഹാസെൻറ പാർട്ടി കൂടുതൽ ദുർബലമാകുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എൻ.എമ്മിെൻറ വോട്ടിങ് ശതമാനം 2.52 ആയി കുറഞ്ഞു.
കമൽഹാസെൻറ താരമൂല്യത്തിന് തെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കാനാകുന്നില്ലെന്ന് ബോധ്യമായതോടെ നേതാക്കൾ കൂട്ടത്തോടെ കൂടുവിടുകയായിരുന്നു. താരപൂജ ഇല്ല എന്ന സി.കെ കുമാരവേലിെൻറ പ്രസ്താവന വ്യക്തമാക്കുന്നത് ഇതാണ്. വോട്ടിങ് ശതമാനത്തിൽ കുറവു കാണിക്കുന്ന ഒരു പാർട്ടിക്ക് സമീപ കാലത്തൊന്നും ചലനമുണ്ടാക്കാനാകില്ലെന്ന കണക്കൂകൂട്ടലാണ് നേതാക്കളുടെ കൊഴിഞ്ഞു പോക്കിന് പിറകിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.