യു.പിയിൽ ഭക്ഷണശാലയുടെ ഉദ്ഘാടനം നിർവഹിച്ച് പശു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോവിൽ ഭക്ഷണശാലയുടെ ഉദ്ഘാടനം നിർവഹിച്ച് പശു. ജൈവ ഉൽപന്നങ്ങൾ മാത്രം ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന ഓർഗാനിക് ഒയാസിസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനമാണ് പശു നിർവഹിച്ചത്. മുൻ ഡെപ്യൂട്ടി എസ്.പി ശൈലേന്ദ്ര സിങ്ങാണ് റസ്റ്ററന്റിന്റെ ഉടമ.
യു.പിയിലെ സുശാന്ത് ഗോൾഫ് സിറ്റിയിലാണ് റസ്റ്ററന്റ് തുറന്നിരിക്കുന്നത്. ലഖ്നോവിലെ ആദ്യ ജൈവ ഭക്ഷണശാലയാണിതെന്നും കുറഞ്ഞ പൈസക്ക് ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുകയാണ് ലക്ഷ്യമെന്നും ഭക്ഷണശാലയുടെ ഉടമ പറഞ്ഞു. പശുവിന്റെ ചാണകവും മൂത്രവുമാണ് കൃഷിയിടത്തിൽ താൻ കീടങ്ങളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികളാണ് പാചകത്തിനായി ഭക്ഷണശാലയിൽ ഉപയോഗിക്കുന്നത്.
ഈയടുത്തായി പല റസ്റ്ററന്റുകളിലും കൃത്രിമ എണ്ണകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് ആളുകളെ രോഗികളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ജൈവ കൃഷി രീതിയിലൂടെ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്ന കർഷകരുമായി കരാറിലെത്തിയിട്ടുണ്ട്. ഇവരായിരിക്കും റസ്റ്ററന്റിന് വേണ്ട സുഗന്ധവ്യഞ്ജനങ്ങൾ നൽകുക. കേരളത്തിൽ നിന്നും എത്തുന്ന സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക സ്ഥലം തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.