രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ വീണ കാവേരി മരണത്തിന് കീഴടങ്ങി
text_fieldsബംഗളൂരു: 55 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനവും നാടിെൻറ പ്രാർഥനയും വിഫലമാക്കി കാവേരി മരണത്തിന് കീഴടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ സമീപത്ത് 28 അടി താഴ്ചയിൽ തുരങ്കമുണ്ടാക്കി കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും ജീവനറ്റിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഒാടെയാണ് മൃതദേഹം പുറത്തെടുത്തത്. അപകടമുണ്ടായി രണ്ടു ദിവസം പിന്നിട്ടതോടെ കുട്ടിയുടെ ജീവനെക്കുറിച്ച് നേരത്തെതന്നെ ആശങ്കയുയർന്നിരുന്നു. എന്നാൽ, ഒരദ്ഭുതം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുമെല്ലാം. തങ്ങളുടെ പ്രാർഥനകൾ സഫലമാകുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. എന്നാൽ, മരണവിവരമറിഞ്ഞതോടെ ഗ്രാമം ഒന്നടങ്കം ശോകമൂകമായി.
ബെളഗാവി ജില്ലയിലെ അത്താണി താലൂക്കിലുള്ള സുൻജർവാഡിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് കാവേരി തുറന്നുകിടക്കുന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ വീണത്. 400 അടി താഴ്ചയുള്ള കുഴക്കിണറിെൻറ 30 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. കയറും കൊക്കകളും ഉപേയാഗിച്ച് പൊക്കിയെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. പ്രത്യേക കാമറകൾ ഉപയോഗിച്ച് കുട്ടിയുടെ വസ്ത്രവും കൈയും കണ്ടതോടെ അതിലും താഴേക്ക് വീഴാതിരിക്കാൻ പ്രത്യേക ഉപകരണങ്ങളുമായി ബന്ധിപ്പിച്ചിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളും പാറ പൊട്ടിക്കുന്ന യന്ത്രങ്ങളുമുപയോഗിച്ചുള്ള തുരങ്കനിർമാണത്തിന് ഉറച്ച പാറകളാണ് തടസ്സമായിരുന്നത്. ജീവൻ നിലനിൽക്കുന്നുണ്ടെന്ന പ്രതീക്ഷയിൽ ട്യൂബ് വഴി ഒാക്സിജൻ കടത്തിവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.