ഏത് സഖ്യം വന്നാലും അടുത്ത തെരഞ്ഞെടുപ്പിൽ മോദി തന്നെ ജയിക്കും -അമിത് ഷാ
text_fieldsന്യൂഡൽഹി: പ്രതിപക്ഷം സഖ്യമുണ്ടാക്കിയാലും പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും വീണ്ടും പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഖ്യത്തെക്കുറിച്ചല്ല, ഡൽഹിയെക്കുറിച്ചാണു പ്രതിപക്ഷം ചിന്തിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭയിൽ ഡൽഹി ഓർഡിനൻസിനു പകരമുള്ള ബില്ലിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യ തലസ്ഥാനമായ ഡൽഹിയുമായി ബന്ധപ്പെട്ട് എന്തു നിയമവും നിർമിക്കാനുള്ള അധികാരം പാർലമെന്റിനുണ്ടെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ് ഡൽഹി ഓർഡിനൻസ്. ഡൽഹിയുമായി ബന്ധപ്പെട്ട് നിയമങ്ങളുണ്ടാക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വകുപ്പുകൾ ഭരണഘടനയിലുണ്ട്-അമിത് ഷാ ചൂണ്ടിക്കാട്ടി.
''സഖ്യത്തിലുണ്ടെന്നതു കൊണ്ടുമാത്രം ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയെ പിന്തുണക്കരുതെന്ന് പാർട്ടികളോട് ആവശ്യപ്പെടുകയാണ്. സഖ്യംകൊണ്ട് ഒരു കാര്യവുമുണ്ടാകില്ല. സഖ്യമുണ്ടായാലും പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ ഭൂരിപക്ഷത്തിനു ജയിക്കും. പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്യും. ജനങ്ങൾ ഒറ്റക്കെട്ടാണ്. സഖ്യം രൂപീകരിച്ചതുകൊണ്ടു മാത്രം ജനങ്ങളുടെ വിശ്വാസം ലഭിച്ചെന്നു കരുതേണ്ട.'' -അമിത് ഷാ പറഞ്ഞു.
ഡൽഹി സർക്കാരിനെയും അമിത് ഷാ വിമർശിച്ചു. 2015ൽ ഡൽഹിയിൽ അധികാരമേറ്റ പാർട്ടിയുടെ ലക്ഷ്യം ജനങ്ങളെ സേവിക്കലായിരുന്നില്ല, പ്രശ്‌നങ്ങൾ സൃഷ്ടിക്കലായിരുന്നുവെന്ന് അമിത് ഷാ വിമർശിച്ചു. ഉദ്യോഗസ്ഥനിയമനം അല്ല പ്രശ്‌നം. വിജിലൻസിനെ വരുതിയിലാക്കി ബംഗ്ലാവ് നിർമാണം ഉൾപ്പെടെയുള്ള അഴിമതി മറച്ചുവയ്ക്കുകയാണ് അവർ ചെയ്തത്. ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, സി. രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ്, ബി.ആർ. അംബേദ്ക്കർ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ശിൽപികൾ ഡൽഹിക്കു സമ്പൂർണമായ സംസ്ഥാനാധികാരം നൽകുന്നതിനെതിരാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.