ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് അഭിവാദ്യമർപ്പിച്ചതിനെതിരെ കോൺഗ്രസ്; വലതുപക്ഷം ഹിന്ദുയിസത്തെ കഷ്ണംകഷ്ണമാക്കുന്നു
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തകയും ഹിന്ദുത്വ വിമർശകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടുപേരെ ഹിന്ദുത്വ ഗ്രൂപുകൾ അഭിനന്ദിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ്.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിങ്കളാഴ്ച രാവിലെ തങ്ങളുടെ ‘എക്‌സ്’ ഹാൻഡിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ലങ്കേഷിനെ വെടിവെച്ചുവെന്ന് ആരോപിക്കപ്പെടുന്ന പരശുറാം വാഗ്‌മോറെയെയും സഹപ്രതിയായ മനോഹർ ഇടവെയെയും മാല ചാർത്തുന്നതും അഭിനന്ദിക്കുന്നതും കാണാം. ‘ഗൗരി ലങ്കേഷിന്റെ കൊലപാതകികൾ, ഒരു സ്ത്രീയെ വെടിവെച്ച് ഓടിപ്പോയ ഭീരുക്കൾ. കാവി വസ്ത്രങ്ങൾ ഇട്ടുകൊണ്ട് മാല ചാർത്തിയിരിക്കുന്നു. കുങ്കുമം ധീരതയെയും ത്യാഗത്തെയും പ്രതിനിധീകരിക്കുന്നതാണ്. കുറ്റകൃത്യത്തെയും ഭീരുത്വത്തെയും അല്ല. വലതുപക്ഷം ഹിന്ദുമതത്തെ ഓരോ കഷ്ണങ്ങളായി നശിപ്പിക്കുകയാണ്’ എന്ന് കെ.പി.സി.സി വിഡിയോക്കൊപ്പം പോസ്റ്റ് ചെയ്തു. ഒക്‌ടോബർ 10ന് പ്രത്യേക കോടതി വാഗ്‌മോറിനെയും ഇടവെയെയും ജാമ്യത്തിൽ വിട്ടതിനു പിന്നാലെയാണ് ഇവർക്ക് അനുമോദനം സംഘടിപ്പിച്ചത്.
രണ്ട് പ്രതികളെയും ആഘോഷ മുദ്രാവാക്യങ്ങളുമായാണ് പ്രാദേശിക ഹിന്ദുത്വ അനുകൂലികൾ വിജയ്പുരയിലേക്ക് സ്വാഗതം ചെയ്തത്. തുടർന്ന് മാലകളും ഓറഞ്ച് ഷാളുകളും അണിയിച്ച് ഇരുവരെയും ഛത്രപതി ശിവജിയുടെ പ്രതിമയുടെ അരികിലേക്ക് ആനയിച്ചു. തുടർന്ന് അവർ കാളികാ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയയെന്നും ഇന്ത്യാ ടുഡേ വെബ്‌സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നു. ‘ഇന്ന് വിജയദശമി. ഞങ്ങൾക്ക് സുപ്രധാന ദിനമാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് വർഷമായി അന്യായമായി ജയിലിലടച്ച പരശുറാം വാഗ്‌മോറിനെയും മനോഹർ യാദ്‌വെയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. യഥാർഥ കുറ്റവാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ, ഹിന്ദു അനുകൂല തൊഴിലാളികളായതുകൊണ്ടാണ് ഇവരെ ലക്ഷ്യമിടുന്നത്. ഈ അനീതിക്ക് ഗുരുതരമായ ആത്മപരിശോധന ആവശ്യമാണെന്നും’ ഒരു ഹിന്ദുത്വ അനുകൂല നേതാവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
വലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകയായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ 5ന് ബംഗളുരുവിലെ രാജരാജേശ്വരി നഗറിലുള്ള തന്റെ വീട്ടു വളപ്പിലേക്ക് പ്രവേശിച്ച് നിമിഷങ്ങൾക്കകമാണ് വെടിയേറ്റുവീണത്. മോട്ടോർ സൈക്കിളിൽ വന്നിറങ്ങിയ പ്രതികൾ മാധ്യമപ്രവർത്തകക്കുനേരെ നാല് തവണ വെടിയുതിർത്തു. കർണാടകയിൽ അറിയപ്പെടുന്ന വലതുപക്ഷ സംഘടനയായ ശ്രീരാം സേനയുടെ പ്രവർത്തകനായ വാഗ്മറെ 2018 ജൂണിലാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.