'നിയന്ത്രിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുന്നു'; ട്വിറ്റർ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ മമത
text_fieldsകൊൽക്കത്ത: ട്വിറ്ററിനെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാറിൻെറ ശ്രമങ്ങൾക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിനെ നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതോടെ, അവരെ നശിപ്പിക്കാനാണ് ശ്രമമെന്ന് മമത പറഞ്ഞു. തൻെറ സർക്കാറിനെതിരെയും ഇതേ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്.
'ഞാൻ ഇതിനെ അപലപിക്കുന്നു. കേന്ദ്രത്തിന് ട്വിറ്ററിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാൽ അവർ ഭയപ്പെടുത്തി ഉപദ്രവിക്കുകയാണ്. നിയന്ത്രിക്കാൻ കഴിയാത്ത എല്ലാവരെയും അവർ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നു. അവർക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ല. അതിനാലാണ് അവർ എൻെറ സർക്കാറിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്' - മമത ബാനർജി പറഞ്ഞു.
'സംസ്ഥാനത്തുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച ബി.ജെ.പിയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് ഇപ്പോൾ രാഷ്ട്രീയ അക്രമങ്ങളൊന്നും നടക്കുന്നില്ല. ഒന്നോ രണ്ടോ സംഭവങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, അവ രാഷ്ട്രീയ അക്രമ സംഭവങ്ങളായി മുദ്രകുത്താനാവില്ല' -മമത കൂട്ടിച്ചേർത്തു.
മേയ് 26ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന സമൂഹമാധ്യമ നിയന്ത്രണ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞയാഴ്ച ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. ഉപയോക്താക്കൾ പങ്കുവെക്കുന്ന കുറ്റകരമായ വിവരങ്ങൾക്ക് പ്രതിക്കൂട്ടിൽ കയറേണ്ടതില്ലെന്ന നിയമപരിരക്ഷ സമൂഹമാധ്യമങ്ങൾക്കുണ്ട്. ഈ പരിരക്ഷ ഇപ്പോൾ ട്വിറ്ററിന് നഷ്ടപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.