500 കോടി രൂപയുടെ സ്വത്തിന് അനന്തരാവകാശി; എന്നിട്ടും ദേവാൻഷിയെ സന്യാസ ജീവിതത്തിലേക്ക് ആനയിച്ച് മാതാപിതാക്കൾ
text_fieldsശതകോടീശ്വരരായ മാതാപിതാക്കൾ മകളെ സന്യാസ ജീവിതത്തിലേക്ക് ആനയിച്ചു. ഗുജറാത്ത് സൂറത്തിലെ പ്രമുഖ വജ്ര വ്യാപാരി ധനേഷ് സാങ്‌വിയുടെ മൂത്ത മകള്‍ ദേവാന്‍ഷി സാങ്‌വിയാണ് ലൗകിക ജീവിതം ഉപേക്ഷിച്ച് ജൈനസന്യാസ ദീക്ഷ സ്വീകരിച്ചത്. നാലുദിവസം നീണ്ട ചടങ്ങുകൾക്കൊടുവിലാണ് കുട്ടി സന്യാസ ദീക്ഷ സ്വീകരിച്ചത്. സന്യാസം സ്വീകരിക്കണമെന്നത് ദേവാൻഷിയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നെന്ന് കുടുംബവൃത്തങ്ങൾ പറയുന്നു.
ആർഭാടകരമായ ചടങ്ങുകളോടെയാണ് കുട്ടിയെ മാതാപിതാക്കൾ സന്യാസ ജീവിതത്തിലേക്ക് ആനയിച്ചത്. ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പ് ദേവാൻഷിക്കായി വൻ ഘോഷയാത്രയും കുടുംബം സംഘടിപ്പിച്ചിരുന്നു.ദേവാൻഷിയുടെ മാതാപിതാക്കളായ ധമേഷും അമി സാങ്‍വിയും അഞ്ച് വയസ്സുള്ള സഹോദരി കാവ്യയും ചടങ്ങുകളിൽ പങ്കെടുത്തു.
ചടങ്ങുകളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ശിരസ്സു മുണ്ഡനം ചെയ്തശേഷം ക്ഷേത്രത്തിലെത്തി ദേവാൻഷി തന്റെ പട്ടുകുപ്പായങ്ങളും ആഭരണങ്ങളും സമർപ്പിച്ച് വെളുത്ത വസ്ത്രം സ്വീകരിച്ചു. ജൈനസന്യാസിനിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളാണ് ദേവാൻഷി. 'ദേവാൻഷി ഒരിക്കലും ടിവിയോ സിനിമയോ കണ്ടിട്ടില്ല, ഭക്ഷണശാലകളിൽ പോകുകയോ വിവാഹങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. 367 ദീക്ഷ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്'-ഒരു കുടുംബ സുഹൃത്ത് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ക്ഷേത്രത്തിലെയും മതപരമായ ചടങ്ങുകളിലെയും സ്ഥിര സാന്നിധ്യമായിരുന്നു കുട്ടിയെന്നും ജൈനസാധ്വിയാകാനുള്ള ആഗ്രഹത്തോടെ കാത്തിരിക്കുകയായിരുന്നെന്നും ദേവാൻഷിയുടെ മാതാപിതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് വയസ്സിൽത്തന്നെ ശ്ലോകങ്ങൾ മനഃപാഠമാക്കിയിരുന്നെന്നും ഗണിതശാസ്ത്രത്തിൽ മിടുക്കിയാണെന്നും മാതാപിതാക്കൾ പറയുന്നു. 15 സെക്കൻഡിനുള്ളിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് സ്വർണ മെഡലും നേടിയിട്ടുണ്ട്.
ദേവാൻഷിയുടെ ദീക്ഷാ സ്വീകരണത്തിന് വിപുലമായ ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ദേവാൻഷി ദീക്ഷാ ദാനം എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആചാരപ്രകാരമുള്ള വെളുത്ത വസ്ത്രങ്ങളണിഞ്ഞ് അതീവ സന്തോഷത്തോടെ ദേവാൻഷി ദീക്ഷ സ്വീകരിക്കുന്നത് ചിത്രങ്ങളിൽ കാണാം.
പ്രായത്തിൽ കവിഞ്ഞ പക്വത കുട്ടിക്ക് ഉണ്ടെന്നും അവളുടെ ആഗ്രഹം മനസ്സിലാക്കി അത് സാധിച്ചു കൊടുക്കാനായി ഒപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നതായും പലരും കമന്റ് ബോക്സിൽ കുറിക്കുന്നുണ്ട്. എന്നാൽ ഒരു എട്ടുവയസ്സുകാരിക്ക് ജീവിതത്തെക്കുറിച്ച് കൃത്യമായ തീരുമാനമെടുക്കാനുള്ള പക്വത ഉണ്ടാകില്ല എന്നു അഭിപ്രായപ്പെടുന്നവരും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.