സോണിയാ ഗാന്ധി ആവശ്യപ്പെട്ടു; രാജ്യസഭയിലേക്ക് എച്ച്.ഡി. ദേവഗൗഡ മത്സരിക്കും
text_fieldsബംഗളൂരു: കർണാടകയിൽനിന്ന് രാജ്യസഭ സീറ്റിലേക്ക് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ മത്സരിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ട പ്രകാരമാണ് കോൺഗ്രസ് പിന്തുണയോടെ ദേവഗൗഡ രാജ്യസഭാ സീറ്റിൽ മത്സരിക്കുന്നത്. സോണിയ ഗാന്ധിയുടെയും നിരവധി ദേശീയ നേതാക്കളുടെയും അപേക്ഷ പ്രകാരം മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ രാജ്യസഭയിലേക്ക് മത്സരിക്കുകയാണെന്നും ചൊവ്വാഴ്ച നാമനിർദേശ പത്രിക നൽകുമെന്നും മകനും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.
കോൺഗ്രസ് പിന്തുണയോടെ ദേവഗൗഡ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെയുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. കഴിഞ്ഞവർഷം സ്വന്തം തട്ടകമായ ഹാസൻ ലോക് സഭ മണ്ഡലം പേരമകൻ പ്രജ്വൽ രേവണ്ണക്ക് വിട്ടുനൽകി തുമകുരു ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച ദേവഗൗഡ പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിയുടെ ജി.എസ് ബസവരാജിനോട് 13,000 വോട്ടുകൾക്കാണ് ദേവഗൗഡ പരാജയപ്പെട്ടത്. 1996ൽ പ്രധാനമന്ത്രിയായശേഷം രാജ്യസഭയിലൂടെ ആദ്യമായി പാർലമെൻറിലെത്താൻ ഒരുങ്ങുകയാണ് ദേവഗൗഡ. 87കാരനായ പിതാവിനെ പറഞ്ഞ് സമ്മതിപ്പിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. കർണാടകയിൽ ഒഴിവ് വരുന്ന നാലു രാജ്യസഭാ സീറ്റിലേക്ക് ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാൻ നിയമസഭയിൽ 44 എം.എൽ.എമാരുടെ വോട്ടാണാവശ്യം.
68 എം.എൽ.എമാരുടെ പിന്തുണയുളള കോൺഗ്രസിെൻറ സ്ഥാനാർഥിയായ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിനുശേഷം നാമനിർദേശ പത്രിക സമർപ്പിച്ചു. 34 സീറ്റുള്ള ജെ.ഡി.എസിന് അവശേഷിക്കുന്ന കോൺഗ്രസ് വോട്ടുകൂടി ലഭിക്കുന്നതോടെ ദേവഗൗഡക്കും രാജ്യസഭയിലെത്താം. 117 പേരുടെ പിന്തുണയുള്ള ബി.ജെ.പിക്ക് രണ്ടു സ്ഥാനാർഥികളെ വിജയിപ്പിക്കാം. സംസ്ഥാന ബി.ജെ.പി നേതൃത്വം നൽകിയ പ്രഭാകർ കൊറെ, രമേശ് കട്ടി, പ്രകാശ് ഷെട്ടി എന്നിവരെ തള്ളികൊണ്ട് ആർ.എസ്.എസിലൂടെ ബി.ജെ.പിയിലെത്തിയ ബെളഗാവിയിലെ ഏറണ്ണ കഡാടി, റായ്ച്ചൂരിൽനിന്നുള്ള അശോക് ഗാസ്തി എന്നിവരെയാണ് കേന്ദ്ര നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ബി.ജെ.പിയിെല സ്ഥാനാർഥി നിർണയം വരും ദിവസങ്ങളിൽ പാർട്ടിയിലും സർക്കാരിലും വിഭാഗീയത രൂക്ഷമാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.