പ്രജ്വലിന് രക്ഷപ്പെടാനുള്ള പദ്ധതി തയാറാക്കിയത് ദേവഗൗഡയാണെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: പ്രജ്വൽ രേവണ്ണയുടെ രക്ഷപ്പെടൽ ആസൂത്രണം ചെയ്തത് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയാണെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലൈംഗികാതിക്രമ കേസിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് പിന്നാലെ പ്രജ്വൽ ജർമ്മനയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോയിരുന്നു. ഇക്കാര്യത്തിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
വിദേശത്തേക്ക് പോകാൻ പ്രജ്വലിന് പാസ്‍പോർട്ടും വിസയും നൽകിയത് ആരാണ് ?. കേന്ദ്രസർക്കാറാണ് പ്രജ്വലിന് പാസ്‍പോർട്ടും വിസയും നൽകിയത്. കേന്ദ്രത്തിന്റെ അറിവില്ലാതെ പ്രജ്വലിന് രാജ്യം വിടാനാവില്ല. എച്ച്.ഡി ദേവഗൗഡയാണ് പ്രജ്വലിന് രാജ്യം വിടാനുള്ള പദ്ധതി തയാറാക്കിയത്. ഇതനുസരിച്ചാണ് അയാൾ രാജ്യം വിട്ടതെന്നും സിദ്ധരാമയ്യ ആരോപിച്ചു. പ്രജ്വലിന് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയത് സംസ്ഥാന സർക്കാറാണെന്ന ആരോപണത്തോട് പ്രതികരിക്കുയായിരുന്നു കർണാടക മുഖ്യമന്ത്രി.
അതേസമയം, ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ ഉടൻ ഇന്ത്യയിലെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഈയാഴ്ച തന്നെ രേവണ്ണ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം രേവണ്ണക്ക് സമൻസ് അയിച്ചിരുന്നു. പ്രജ്വൽ രേവണ്ണയുടെ പിതാവും എം.എൽ.എയുമായ എച്ച്.ഡി രേവണ്ണക്കും അന്വേഷണസംഘം സമൻസ് നൽകിയിരുന്നു. സമൻസ് ലഭിച്ചിട്ടും അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ പ്രജ്വൽ രേവണ്ണയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
പ്രജ്വലിന്‍റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നേരത്തെ തന്നെ പാർട്ടി നേതാക്കള്‍ അറിഞ്ഞിട്ടും മൗനം പാലിക്കുകയായിരുന്നു. പ്രജ്വലിന്‍റെ ലൈംഗികാതിക്രമങ്ങളുടെ 2976 വിഡിയോ ക്ലിപ്പുകൾ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയാല്‍ തിരിച്ചടിയാകുമെന്നും 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കത്തയച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രേവണ്ണക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു.രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.