നക്സൽ മുക്ത ഗ്രാമങ്ങൾക്ക് വികസന പാക്കേജുമായി ഛത്തിസ്ഗഢ് ഗവൺമെന്റ്
text_fieldsറായ്പൂർ: മാവോവാദി ഭീഷണി നേരിടുന്നതിന്റെ ഭാഗമായി നക്സൽ മുക്ത ഗ്രാമങ്ങൾക്ക് ഒരു കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് ഛത്തിസ്ഗഢ് സർക്കാർ. മൊബൈൽ ഫോൺ നെറ്റ്വർക്ക്, വൈദ്യുതി തുടങ്ങിയവ ഉറപ്പാക്കും. കീഴടങ്ങുന്ന മാവോവാദികൾക്ക് അടുത്തിടെ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിൽ സൗജന്യ താമസം, മൂന്നുവർഷം ഭക്ഷണം, പ്രതിമാസം 10000 രൂപ ധനസഹായം തുടങ്ങിയവ ഉൾക്കൊള്ളുന്നു.
ആയുധം വെച്ച് കീഴടങ്ങുന്ന നക്സലുകൾക്ക് ഭൂമി, കഴിവുകൾ വികസിപ്പിക്കാൻ പരിശീലനം, പ്രധാനമന്ത്രി ഭവനപദ്ധതിക്ക് കീഴിൽ വീട് എന്നിവ നൽകും. നക്സൽ അക്രമത്തിനിരയായവർക്കും സാമ്പത്തിക സഹായവും ഭൂമിയും ഉൾപ്പെടെ നൽകും. മാവോവാദി ഭീഷണി കാരണം വീടുവിടേണ്ടി വന്നവരെയും സംരക്ഷിക്കും.
മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ ഗ്രാമത്തിൽ അവരുടെ പ്രതിമ സ്ഥാപിക്കാൻ സർക്കാർ പത്തുകോടി അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 500 മുതൽ 600 വരെ പ്രതിമകളാണ് സ്ഥാപിക്കുന്നത്. നക്സലുകളെ സായുധ പോരാട്ടത്തിൽനിന്ന് പിന്തിരിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ ഉൾച്ചേർക്കാനാണ് ശ്രമം. അതോടൊപ്പം കീഴടങ്ങാൻ തയാറാകാത്തവരെ അടിച്ചമർത്താനും പദ്ധതി തയാറാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ സുരക്ഷാസേന 30 മാവോവാദികളെ വധിച്ചിരുന്നു. ബിജാപുർ ജില്ലയിൽ 26 പേരെയും കാങ്കറിൽ നാലുപേരെയുമാണ് ബി.എസ്.എഫും സംസ്ഥാന പൊലീസിലെ പ്രത്യേകസേനയും വെടിവെച്ചു കൊന്നത്. ബിജാപൂരിൽ ഒരു പൊലീസുകാരനും മരിച്ചു. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 105 മാവോവാദികളെയാണ് വധിച്ചത്. ബിജാപുർ, കാങ്കർ എന്നിവയുൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ മാത്രം 89 പേരെ വധിച്ചതായാണ് കണക്കുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.