'പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒ.ബി.സി വിഭാഗക്കാരനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
text_fieldsമുംബൈ: ഇൻഡ്യ സഖ്യത്തിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് ഇൻഡ്യ സഖ്യം ഒത്തുചേരുന്നത്. കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഒ.ബി.സി വിഭാഗത്തിൽപ്പെട്ടയാളെ തെരഞ്ഞെടുക്കണമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി സ്നേഹത്തിന്‍റെ കമ്പോളത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സ്നേഹം വരുന്നത് മനസിൽ നിന്നാണെന്നും പ്രധാനമന്ത്രി മോദിയുടെ മനസിൽ സ്നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊഹ്റാദേവി പ്രദേശത്ത് നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"അക്കങ്ങളെ അടിസ്ഥാനമാക്കിയുള്ള അവകാശങ്ങളെ കുറിച്ച് കോൺഗ്രസ് പറയുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഒരു ഒ.ബി.സി വിഭാഗക്കാരനെ തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? കോൺഗ്രസിന് ഇതുവരെ 250ഓളം മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. ഇതിൽ 17ശതമാനമായിരുന്നു ഒ.ബി.സി മന്ത്രിമാരുണ്ടായിരുന്നത്. ബി.ജെ.പിക്ക് ഇതുവരെ 68 മുഖ്യമന്ത്രിമാരാണ് ഉണ്ടായത്. ഇതിൽ 31 ശതമാനവും ഒ.ബി.സി വിഭാഗക്കാരാണ്. കേന്ദ്ര മന്ത്രിമാരിൽ 60ശതമാനം പേരും ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവരാണ്. " - ഫഡ്നാവിസ് പറഞ്ഞു.
ഒ.ബി.സി വിഭാഗത്തിന് വേണ്ടി കേന്ദ്രസർക്കാർ പ്രത്യേക മന്ത്രിസഭ തന്നെ രൂപീകരിച്ചുവെന്നും ഈ വിഭാഗക്കാരുടെ അവകാശങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ അച്ചടക്കത്തോടെയാണ് ഒ.ബി.സി വിഭാഗക്കാരുടെ അവകാശങ്ങൾക്കായി സർക്കാർ പ്രവർത്തനം നടത്തുന്നത്. ഈ വിഭാഗക്കാരുടെ ആവശ്യങ്ങൾ വ്യക്തമായി മനസിലാക്കിയ ശേഷമാണ് സുപ്രധാന തീരുമാനങ്ങൾ മോദി സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മോദിയെ പുറത്താക്കുക എന്ന ഏകലക്ഷ്യത്തോടെയാണ് പ്രതിപക്ഷ സഖ്യമായ 25 പാർട്ടികളടങ്ങിയ ഇൻഡ്യ രൂപീകരിച്ചിരിക്കുന്നത്. അതിന് വേണ്ടി മാത്രമാണ് സഖ്യം പ്രവർത്തിക്കുന്നതെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.