ആഭ്യന്തരം വിട്ടുകൊടുക്കാതെ ഫഡ്നാവിസ്, ഷിൻഡെക്ക് മൂന്ന് വകുപ്പുകൾ, അജിത് പവാറിന് ധനകാര്യം; മഹാരാഷ്ട്രയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചും പ്രഖ്യാപനമായി. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ കൈവശം വെക്കും. നഗര വികസനം, ഭവന നിർമാണം, പൊതുമരാമത്ത് എന്നീ മൂന്ന് വകുപ്പുകൾ നൽകിയാണ് ഇടഞ്ഞു നിന്ന എക്നാഥ് ഷിൻഡെയെ അടക്കിനിർത്തിയത്.
വലിയ ഭൂരിപക്ഷം നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരത്തിലേറി ദിവസങ്ങളായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകുന്നതിന് പകരമായി ആഭ്യന്തര വകുപ്പ് തനിക്ക് നൽകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ഷിൻഡെ. എന്നാൽ വകുപ്പ് വിട്ടുകൊടുക്കില്ലെന്ന് ഫഡ്നാവിസും ഉറപ്പിച്ചു. ഇരു നേതാക്കളും വിട്ടുവീഴ്ച ചെയ്യാതെയായപ്പോൾ വകുപ്പുകൾ തീരുമാനിക്കുന്നത് അനന്തമായി നീണ്ടുപോയി.
മഹായുതി സർക്കാറിലെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധനകാര്യമാണ് നൽകിയത്. അതോടൊപ്പം എക്സൈസ് വകുപ്പിന്റെ ചുമതലയുമുണ്ട്. ആഭ്യന്തര വകുപ്പ് കൂടാതെ, ഊർജം, നിയമ വകുപ്പുകളുടെ ചുമതലകളും ഫഡ്നാവിസ് വഹിക്കും.
പുതിയ മന്ത്രിസഭയില്‍ മുൻ മഹായുതി സർക്കാരിലെ 10 മന്ത്രിമാരെ ഒഴിവാക്കിയപ്പോൾ 16 പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയത്. ബി.ജെ.പിക്ക് 19 മന്ത്രിസ്ഥാനങ്ങളും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 11ഉം അജിത് പവാറിന്റെ എൻ.സി.പിക്ക് ഒമ്പതും മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചത്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ 230 സീറ്റുകൾ നേടിയാണ് മഹായുതി സഖ്യം ഭരണം പിടിച്ചത്. 288 അംഗ നിയമസഭയിൽ, ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരദ് പവാറിന്റെ എൻ.സി.പിയും കോൺഗ്രസുമടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യത്തിന് 46 സീറ്റുകൾ നേടാനേ സാധിച്ചുള്ളൂ. ഡിസംബർ അഞ്ചിനാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയും ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരുമായി അധികാരമേറ്റത്. 39 പേരടങ്ങുന്നതായിരുന്നു മന്ത്രിസഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.