മഹാരാഷ്ട്ര: ശിവസേനയെ ഒഴിവാക്കി ഒറ്റക്ക് ഭരിക്കാൻ ബി.ജെ.പിയിൽ ആലോചന
text_fieldsമുംബൈ: ശിവസേനയെ ഒഴിവാക്കി മഹാരാഷ്ട്ര ഒറ്റക്കു ഭരിക്കാൻ ബി.ജെ.പി കരുക്കൾ നീക്കുന്നു. 288 മണ്ഡലങ്ങളുള്ള സംസ്ഥാനം ഭരിക്കാൻ 145 പേരുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പിക്ക് 123 അംഗങ്ങളാണുള്ളത്. സ്വതന്ത്രരും ചെറുപാർട്ടി എം.എൽ.എമാരുമായി 11 പേരുടെ പിന്തുണയുമുണ്ട്. ബഹുമതിക്ക് ഇനിയും 11 പേരുടെ പിന്തുണകൂടി വേണമെന്നിരിക്കെയാണ് 63 അംഗങ്ങളുള്ള ശിവസേനയമായി ഭരണത്തിൽ സഖ്യമായത്.
പ്രതിപക്ഷ കക്ഷികളെക്കാൾ ശിവസേനയുടെ വിമർശനങ്ങൾ മുറിവേൽപിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നീക്കം. ഇടക്കാല തെരഞ്ഞെടുപ്പ് അടക്കമുള്ള വഴികളാണ് ബി.ജെ.പി ആലോചിക്കുന്നത്. വ്യാഴാഴ്ച മുഖ്യമന്തി ദേവേന്ദ്ര ഫട്നാവിസിെൻറ നേതൃത്വത്തിൽ മുതിർന്ന മന്ത്രിമാർ ഇതുസംബന്ധിച്ച് ചർച്ച നടത്തി.
രണ്ട് ആശയങ്ങളാണ് യോഗത്തിൽ ഉയർന്നുവന്നത്. ഒന്ന് കർഷക കടം എഴുതിത്തള്ളിയ ഉടൻ സർക്കാർ രാജിവെച്ച് ഇടക്കാല തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുക. കർഷക കടം ആയുധമാക്കി പ്രതിപക്ഷം സംസ്ഥാന വ്യാപക റാലി സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണിത്. ശിവസേനയും പ്രതിപക്ഷത്തിനൊപ്പമാണ്. യു.പിയിലെ വിജയവും ഇൗയിടെ സംസ്ഥാനത്തെ നഗരസഭ, മുനിസിപ്പൽ കൗൺസിൽ, ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയവുമാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നത്. 180 സീറ്റുകൾ നേടാനാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ബി.ജെ.പിയിലേക്ക് പോരാൻ സന്നദ്ധത അറിയിച്ച 29 പ്രതിപക്ഷ എം.എൽ.എമാരെ ഉടൻ സ്വീകരിക്കുക എന്നതാണ് രണ്ടാമത്തേത്. 15 കോൺഗ്രസ്, 14 എൻ.സി.പി എം.എൽ.എമാരാണ് പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നതെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഇവരെ രാജിവെപ്പിച്ച് വീണ്ടും മത്സരിപ്പിക്കാമെന്നും അഭിപ്രായമുയർന്നു. അതോടെ, ശിവസേനയെ സർക്കാറിൽ നിന്ന് ഒഴിവാക്കാം.
അതേസമയം, മന്ത്രിമാരുടെ ചർച്ചയിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ റാവു സാഹെബ് ധാൻവെയും ഒാർഗനൈസിങ് സെക്രട്ടറി രവീന്ദ്ര ഭുസാരി എന്നിവരുണ്ടായില്ല എന്നതും കോർ കമ്മറ്റി അംഗങ്ങളല്ലാത്ത മന്ത്രിമാരായ ഗിരീഷ് ബാപത്, ഗിരീഷ് മഹാജൻ എന്നിവർ യോഗത്തിെൻറ ഭാഗമായതും പാർട്ടി നേതാക്കൾക്കിടയിൽ സംസാരമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.