ബി.ജെ.പി സ്ഥാപിതമായത് ആർക്കും പദവികൾ നൽകാനല്ല; സ്വാർത്ഥതയോടെ പാർട്ടി പ്രവർത്തിച്ചിട്ടില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
text_fieldsനാഗ്പൂർ: ബി.ജെ.പി സ്ഥാപിതമായത് ആരെയും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കാനല്ലെന്നും അതിനാൽ പാർട്ടിയിൽ വിഭജനമുണ്ടായിട്ടില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. രാജ്യത്തിന്റെ ചരിത്രത്തിൽ പിളർപ്പ് സംഭവിക്കാത്ത ഏക ദേശീയ പാർട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ 44-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
"ബി.ജെ.പി ഒരിക്കലും ആരെയും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കാൻ വേണ്ടി രൂപപ്പെട്ടതല്ല. മറിച്ച് രാജ്യത്തിൻ്റെ താത്പര്യങ്ങൾ സേവിക്കുന്ന ഒരു പ്രത്യയശാസ്ത്രം സൃഷ്ടിക്കുന്നതിനാണ്. ബി.ജെ.പി എപ്പോഴും പ്രത്യയശാസ്ത്രത്തിനനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. അതുകൊണ്ട് പാർട്ടി ഒരിക്കലും ഭിന്നത അനുഭവിച്ചിട്ടില്ല", ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ഡോ. ശ്യാമ പ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്‌പേയി, എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ നേതാക്കൾ മുതൽ പ്രധാനമന്ത്രി മോദി വരെയുള്ളവർ പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കൾ ഒരിക്കലും സ്വാർത്ഥ താത്പര്യങ്ങളോടെ പ്രവർത്തിക്കുന്നവരല്ല. ആഗോളതലത്തിൽ ഇന്ത്യക്ക് ശക്തവും വികസിതവുമായ പ്രതിച്ഛായയാണ് പ്രധാനമന്ത്രി മോദി സൃഷ്ടിച്ചിരിക്കുന്നതെന്നും മോദിയും ബി.ജെ.പിയുമാണ് രാജ്യത്തിൻ്റെ ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡ്യ സഖ്യത്തെയും മഹാ വികാസ് അഘാഡിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. ഇരു സഖ്യങ്ങളും കംപാർട്ട്മെന്റില്ലാതെ എഞ്ചിൻ മാത്രമുള്ള ട്രെയിൻ ആണെന്നായിരുന്നു ഫഡ്നാവിസിന്റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.