ലൈംഗിക പീഡനക്കേസ്: ആൾദൈവത്തിന്‍റെ ഭക്തയും അറസ്റ്റിൽ
text_fieldsചെന്നൈ: ലൈംഗീക പീഡനക്കേസിൽ റിമാൻഡിലായ ആൾദൈവത്തിന്‍റെ ഭക്തയും പോക്സോ നിയമ പ്രകാരം അറസ്റ്റിൽ. ചെങ്കൽപ്പട്ട് കേളമ്പാക്കം സുശീൽഹരി ഇൻറർനാഷനൽ സ്കൂൾ സ്ഥാപകനും ആൾദൈവവുമായ ശിവശങ്കർബാബ(72)യുടെ സഹായിയായി വർത്തിച്ചിരുന്ന സുഷ്മിത(32)യെയാണ് അറസ്റ്റ് ചെയ്തത്. അതിനിടെ, നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബാബയെ ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസസ്ഥലത്ത് എത്തിച്ചത് സുഷ്മിതയാണെന്നാണ് സി.ബി.സി.െഎ.ഡി പൊലീസിന്‍റെ കണ്ടെത്തൽ. കൂടുതൽ ചോദ്യംചെയ്യലിനായി ബാബയെ പത്ത് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് ചെങ്കൽപ്പട്ട് മഹിള കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു.
സ്കൂൾ പൂർവ വിദ്യാർഥിനികൾ നൽകിയ പരാതിയെ തുടർന്ന് ബുധനാഴ്ച ഡൽഹിയിലാണ് ബാബ അറസ്റ്റിലായത്. പൂർവ വിദ്യാർഥിനികളുടെ മീടു കാമ്പയിെൻറ ഭാഗമായി ബാബക്കെതിരെ 15ലധികം വിദ്യാർഥിനികൾ സാമൂഹമാധ്യമങ്ങളിൽ പീഡന വിവരം പങ്കുവെച്ചിരുന്നു.
ശ്രീകൃഷ്ണെൻറ അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച ബാബ വിദ്യാർഥിനികളെ 'ഗോപിക'മാരെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ജന്മദിനത്തിൽ അനുഗ്രഹം വാങ്ങാനെത്തിയ വിദ്യാർഥിനിയോട് അശ്ലീല വിഡിയോ കാണാനും മദ്യം കഴിക്കാനും ബാബ നിർബന്ധിച്ചു. തുടർന്ന് പീഡനത്തിനിരയാക്കി. വ്യത്യസ്ത ലൈംഗിക വിദ്യകളെക്കുറിച്ചും പതിവായി ആരോഗ്യകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും വാചാലമാകാറുള്ള ബാബ സമ്മാനങ്ങൾ നൽകാമെന്ന വ്യാജേന പെൺകുട്ടികളെ തെൻറ മാളികയിലേക്ക് വിളിപ്പിച്ച് പീഡനത്തിന് ഇരയാക്കുക പതിവായിരുന്നുവത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.