വിമാനം 24 മണിക്കൂർ വൈകി; എയർ ഇന്ത്യക്ക് ഡി.ജി.സി.എയുടെ കാരണം കാണിക്കൽ നോട്ടീസ്
text_fieldsന്യൂഡൽഹി: സാൻഫ്രാൻസിസ്കോയിലേക്കുള്ള രണ്ടു വിമാനങ്ങൾ 24 മണിക്കൂർ വൈകിയതിൽ എയർ ഇന്ത്യക്ക് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ (ഡി.ജി.സി.എ) കാരണം കാണിക്കൽ നോട്ടിസ്. മേയ് 30ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ 183 വിമാനവും മേയ് 24ന് മുംബൈയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ 179 വിമാനവുമാണ് വൈകിയത്.
വ്യാഴാഴ്ച വൈകീട്ട് 3.20ന് പുറപ്പെടേണ്ട ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം വെള്ളിയാഴ്ച രാത്രി ഏഴിനാണ് പുറപ്പെടുക. രാത്രി എട്ടോടെ യാത്രക്കാരെ കയറ്റിയെങ്കിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും വിമാനം പുറപ്പെട്ടില്ല. വിമാനത്തിനുള്ളിൽ എ.സി പ്രവർത്തിക്കാതായതോടെ യാത്രക്കാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്ന് അർധരാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ 11ന് വിമാനത്താവളത്തിൽ തിരിച്ചെത്തണമെന്ന് അധികൃതർ അറിയിച്ചതുപ്രകാരം യാത്രക്കാർ എത്തിയെങ്കിലും വിമാനം വൈകുമെന്ന അറിയിപ്പാണ് ലഭിച്ചത്.
ഡി.ജി.സി.എ മാനദണ്ഡങ്ങൾ എയർ ഇന്ത്യ തുടർച്ചയായി ലംഘിക്കുന്നതിലൂടെ യാത്രക്കാർ വലിയ പ്രയാസം നേരിടുകയാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്നും ഡി.ജി.സി.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.