ബി.എസ് രാജു കരസേന ഉപമേധാവി
text_fieldsന്യൂഡൽഹി: പുതിയ കരസേനാ ഉപമേധാവിയായി ലഫ്റ്റനന്റ് ജനറൽ ബഗ്ഗവല്ലി സോമശേഖർ രാജു മേയ് ഒന്നിന് ചുമതലയേൽക്കും. ഇപ്പോൾ മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറലാണ്. നിലവിലെ കരസേനാ മേധാവിയായ ജനറൽ എം.എം നരവനെ വിരമിക്കുന്നതിനാൽ ഉപമേധാവിയായ ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ആ സ്ഥാനമേൽക്കും. ഈ സാഹചര്യത്തിലാണ് ലഫ്റ്റനന്റ് ജനറൽ ബി.എസ് രാജു ഉപമേധാവിയാകുന്നത്.
ആന്ധ്ര സ്വദേശിയാണ്. കരസേനയുടെ ഏഴ് കമാൻഡുകളിൽ ഒന്നിന്റെ തലപ്പത്തെത്തുകയോ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ ആവുകയോ ചെയ്യാതെ ഉദ്യോഗസ്ഥൻ കരസേനാ ഉപമേധാവിയാകുന്നത് അപൂർവമാണ്.
കർണാടകയിലെ ബീജാപൂർ ദേശീയ സൈനിക സ്‌കൂളിലെയും നാഷനൽ ഡിഫൻസ് അക്കാദമിയിലെയും പൂർവ വിദ്യാർഥിയാണ്. 1984 ഡിസംബർ 15 ന് ജാട്ട് റെജിമെന്റിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
38 വർഷത്തെ സർവീസിനിടെ നിരവധി പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. നിയന്ത്രണ മേഖലയിലെ ഉറി ബ്രിഗേഡ്, കാശ്മീരിലെ കൗണ്ടർ ഇൻസർജൻസി ഫോഴ്സ് എന്നിവയുടെ കമാൻഡറായിരുന്നു. ഭൂട്ടാനിലെ ഇന്ത്യൻ സൈനിക പരിശീലന സംഘത്തിന്റെ കമാൻഡറുമായിരുന്നു. 2021 മാർച്ച് വരെ ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സിന്റെ തലവനായിരുന്നു. ഹെലികോപ്ടർ പൈലറ്റ് കൂടിയായ അദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ ദൗത്യത്തിന്റെ ഭാഗമായി സൊമാലിയയിലും പ്രവർത്തിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് ഡിഫൻസ് സ്റ്റഡീസിൽ നിന്ന് എൻ.ഡി.സി പൂർത്തിയാക്കി. അമേരിക്കയിലെ നേവൽ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കൂളിൽ നിന്ന് തീവ്രവാദ വിരുദ്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടി. യുദ്ധ സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, യുദ്ധ സേവാ മെഡൽ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.