ഝാർഖണ്ഡ് ജഡ്ജിയുടെ കൊലപാതകം: കൃത്യവിലോപത്തിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ല ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പഥാർധി പൊലീസ് സ്റ്റേഷനിലെ ഒാഫീസർ ഇൻചാർജ് ഉമേശ് മാഞ്ചിയെയാണ് കൃത്യവിലോപത്തിന് അന്വേഷണ വിധേയമായി സർവീസിൽ സസ്പെൻഡ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ സമയബന്ധിതമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
ജൂലൈ 29ന് ധൻബാദ് ജില്ല കോടതിക്ക് സമീപം രൺധീർ വർമ ചൗക്കിൽ മജിസ്ട്രേറ്റ് കോളനിക്ക് സമീപത്തു വെച്ചാണ് ജസ്റ്റിസ് ഉത്തം ആനന്ദിനെ വാഹനം ഇടിച്ചത്. ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറും കൂട്ടാളിയും അറസ്റ്റിലായി. മണിക്കൂറുകൾക്ക് മുമ്പ് മോഷണം പോയ വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്.
കാലിയായി കിടക്കുന്ന റോഡിലുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ സംഭവം കൊലപാതകമാണെന്ന തരത്തിൽ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. പ്രഭാത നടത്തത്തിനിടെ ജഡ്ജിയുടെ സമീപത്തേക്ക് വന്ന വാഹനം പിന്നിൽ നിന്ന് ഇടിച്ചിടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അപകടത്തിൽ ദുരൂഹതയുണ്ടെന്ന് തെളിഞ്ഞത്. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമീപത്ത് നിന്ന് ഒരാൾ വിഡിയോയിൽ പകർത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഝാർഖണ്ഡ് ഹൈകോടതി സ്വമേധയാ കേസെടുത്തു. രാജ്യത്തെ ഞെട്ടിച്ച സംഭവം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചിരുന്നത്. തുടർന്ന് കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ ഝാർഖണ്ഡ് സർക്കാർ തീരുമാനിക്കുകയായിരുന്നു.
ആറ് മാസം മുമ്പ് ധൻബാദിലെത്തിയ ഉത്തം ആനന്ദായിരുന്നു ജാരിയ എം.എൽ.എ സഞ്ജീവ് സിങ്ങിന്‍റെ അനുയായി രഞ്ജയ് സിങ്ങിനെ കൊലപ്പെടുത്തിയ കേസ് പരിഗണിച്ചിരുന്നത്. കേസിൽ ഉത്തർപ്രദേശിലെ അമാൻ സിങ്ങിന്‍റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. ആനന്ദ് പരിഗണിച്ചിരുന്ന കേസുകളെ പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.