ഭരണഘടനയേക്കാൾ പ്രധാനം ജനവിധിയാണെന്ന് ധൻഖർ; ഉപരാഷ്ട്രപതി വിവാദത്തിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ‘അടിസ്ഥാനഘടന’ മാറ്റാനാവില്ലെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയെ അതിരൂക്ഷമായി വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ നിലപാട് വിവാദത്തിൽ. രാജ്യസഭ അധ്യക്ഷൻകൂടിയായ ധൻഖറിന്റെ കാഴ്ചപ്പാട് വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് ഭരണഘടനയെ സ്നേഹിക്കുന്ന രാജ്യത്തെ ഓരോ പൗരനുമുള്ള മുന്നറിയിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് അംഗവും മുൻ കേന്ദ്രമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ പി. ചിദംബരം പറഞ്ഞു.
ഭരണഘടന ഭേദഗതിചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തെ രണ്ട് നിർണായക ഘട്ടങ്ങളിൽ തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജയ്പൂരിൽ സഭാധ്യക്ഷന്മാരുടെ സമ്മേളനത്തിൽ സുപ്രിം കോടതിക്കെതിരെ ധൻഖർ സംസാരിച്ചത്. ധൻഖറിനെ പിന്തുണച്ച് ലോക്സഭ സ്പീക്കറും രംഗത്തുവന്ന സമ്മേളനം വ്യാഴാഴ്ച സമാപിച്ചു.
നേരത്തെ സുപ്രീംകോടതിക്കെതിരെ സംസാരിച്ചതിനെ വിമർശിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ശൈത്യകാല സമ്മേളനത്തിനിടെ പ്രസ്താവന നടത്തിയത് പ്രതിപക്ഷം വൻ വിവാദമാക്കിയിരുന്നു. കോടതിയെ വീണ്ടും വിമർശിച്ച ധൻഖറിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.
ജനാധിപത്യസമൂഹത്തിൽ ഏത് ‘അടിസ്ഥാന ഘടന’യുടെയും അടിസ്ഥാനം ജനവിധിയാണെന്ന് 1973 കേശവാനന്ദ ഭാരതി കേസിലെ വിധിയെ തള്ളിപ്പറഞ്ഞ് ജഗ്ദീപ് ധൻഖർ വ്യക്തമാക്കി. അതിനാൽ പാർലമെന്റിന്റെയും നിയമസഭയുടെയും പരമാധികാരം ലംഘിക്കാനാവാത്തതാണ്.
ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം ഏതെങ്കിലും സ്ഥാപനത്തെ ആശ്രയിച്ചാകാൻ കഴിയുമോ എന്നാണ് ധൻഖറിന്റെ ചോദ്യം. ഏതെങ്കിലും സ്ഥാപനത്തിനോ സംഘടനക്കോ ഭരണഘടനാ ഭേദഗതിക്ക് തങ്ങളുടെ മുദ്ര വേണമെന്ന് പറയാനാകുമോ.
കോടതിയോടുള്ള എല്ലാ ബഹുമാനത്തോടെയും കേശവാനന്ദ ഭാരതി കേസിലെ വിധി താൻ അംഗീകരിക്കില്ലെന്നും ധൻഖർ പറഞ്ഞു. 1973ൽ കേശവാനന്ദ ഭാരതി കേസിൽ സുപ്രധാന വിധി തള്ളിപ്പറഞ്ഞ രാജ്യസഭ ചെയർമാന്റെ നിലപാട് തെറ്റാണെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.
പാർലമെന്റാണ് പരമം എന്ന രാജ്യസഭാധ്യക്ഷന്റെ നിലപാട് തെറ്റാണ്. ഭരണഘടനയാണ് എല്ലാറ്റിനും മുകളിൽ. ഭൂരിപക്ഷം കാണിച്ച് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്കുമേൽ നടത്തുന്ന ആക്രമണങ്ങൾ തടയാനുള്ളതാണ് ഭരണഘടനയുടെ ‘അടിസ്ഥാനഘടനാ തത്വമെന്ന് ചിദംബരം വിശദീകരിച്ചു. ഉദാഹരണത്തിന് രാജ്യത്തെ പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് മാറ്റാൻ ഭൂരിപക്ഷമുപയോഗിച്ച് പാർലമെന്റ് വോട്ടു ചെയ്തുവെന്ന് കരുതുക.
അല്ലെങ്കിൽ ഭരണഘടനയുടെ ഏഴാം പട്ടികയിൽ വരുന്ന സംസ്ഥാനത്തിന്റെ പരമാധികാര വിഷയങ്ങൾ ഇല്ലാതാക്കുന്നുവെന്ന് കരുതുക. അത്തരം ഭേദഗതികൾ സാധുവാകുമോ? ഒരു ബിൽ കോടതി റദ്ദാക്കിയതുകൊണ്ട് ‘അടിസ്ഥാനഘടന’ തത്വംതന്നെ തെറ്റാണെന്ന് അർഥമില്ലെന്നും ചിദംബരം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.