Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെതിരെ സധൈര്യം...

കോവിഡിനെതിരെ സധൈര്യം പൊരുതി ധാരാവി; മരണമില്ലാതെ ആറ് ദിവസങ്ങൾ, പുതിയ രോഗികളും കുറവ്

text_fields
bookmark_border
കോവിഡിനെതിരെ സധൈര്യം പൊരുതി ധാരാവി; മരണമില്ലാതെ ആറ് ദിവസങ്ങൾ, പുതിയ രോഗികളും കുറവ്
cancel

മുംബൈ: കോവിഡ് ഹോട്ട്സ്പോട്ടായ മുംബൈയിലെ ധാരാവിക്ക് ആശ്വാസ ദിനങ്ങൾ. കഴിഞ്ഞ ആറ് ദിവസത്തിൽ ഒരു മരണം പോലും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. 939 പേർ രോഗമുക്തി നേടുകയും ചെയ്തു. ജൂൺ ഒന്നിന് 34 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കേസുകൾ കുറഞ്ഞു. ശനിയാഴ്ച 10 കേസുകൾ മാത്രമാണ് ഉണ്ടായത്. ഞായറാഴ്ച 13 കേസുകളുണ്ടായി. മേയ് മാസത്തിൽ പ്രതിദിനം 50 പേർക്ക് രോഗം കണ്ടെത്തിയിരുന്ന സാഹചര്യത്തിൽ നിന്നാണ് ഈ മുന്നേറ്റം.

ഏഷ്യയിലെ ഏറ്റവും വലിയ ചേരി മേഖലയായ ധാരാവിയിൽ കോവിഡ് പടർന്നുപിടിച്ചതിനെ രാജ്യം ഏറെ ആശങ്കയോടെയാണ് കണ്ടിരുന്നത്. ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 1912 പേർക്കാണ്​ ധാരാവിയിൽ ആകെ കോവിഡ്​ ബാധിച്ചത്​. ഇതുവരെ 74 പേർക്ക് ഇവിടെ ജീവൻ നഷ്ടമായി. ജനം തിങ്ങിപ്പാർക്കുന്ന ചേരി മേഖലയായതിനാൽ സാമൂഹിക അകലം പാലിക്കാനും മറ്റ് മുൻകരുതലുകൾ സ്വീകരിക്കാനും ഇവിടെ ഏറെ വെല്ലുവിളിയുണ്ടായിരുന്നു. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ കോവിഡ് ഹോട്ട്സ്പോട്ടായ മുംബൈ നഗരത്തിൽ രോഗികളുടെ എണ്ണം അനുദിനം വർധിക്കുമ്പോഴാണ് ധാരാവി വൈറസ് ബാധയെ പ്രതിരോധിച്ചുനിൽക്കുന്നത്. മുംബൈ നഗരത്തിൽ 48,774 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്. 1638 പേർ മരിക്കുകയും ചെയ്തു​. മഹാരാഷ്ട്രയിൽ ഞായറാഴ്​ച രോഗം സ്ഥിരീകരിച്ച 3007 പേരിൽ 1420 പേരും മുംബൈയിലാണ്​. 

വർധിച്ച നിരീക്ഷണത്തിന്‍റെയും പരിശോധനയുടെയും ഫലമായാണ് ധരാവിക്ക് കോവിഡിനെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞതെന്ന് ബൃഹൻ മുംബൈ കോർപറേഷൻ അസി. മുനിസിപ്പൽ കമീഷണർ കിരൺ ദിഗാവ്കർ പറഞ്ഞു. പനി ക്ലിനിക്കുകളുടെ സഹായത്തോടെ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താൻ സാധിച്ചു. വാതിൽപ്പടി പരിശോധന സംവിധാനങ്ങൾ ഒരുക്കി. ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ നേരത്തെ ഐസൊലേഷനിലേക്ക് മാറ്റി കൂടുതൽ പേരിലേക്ക് പകരുന്നത് തടയാനായി. ഏഴര ലക്ഷം പേരെ പരിശോധനക്ക് വിധേയമാക്കിയതായി അധികൃതർ പറയുന്നു.

ധാരാവിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹകരിച്ച എൻ.ജി.ഒകളോടും കോർപറേറ്റ് സ്ഥാപനങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു. 

2.4 ചതുരശ്ര കി.മീ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ധാരാവിയിൽ 8.5 ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്. പുറത്തുനിന്നുള്ള തൊഴിലാളികളുടെ എണ്ണം കൂടിയാകുമ്പോൾ ജനസംഖ്യ ഇതിലും വർധിക്കും. നൂറുകണക്കിന് ചെറുകിട വ്യവസായങ്ങളുടെ കേന്ദ്രം കൂടിയാണ് ധാരാവി. പുറത്തുനിന്നുള്ള ആയിരക്കണക്കിന് ആളുകൾ ധാരാവിയിലെത്തി ജോലി ചെയ്യുന്നുണ്ട്. ഇത് ധാരാവിയിൽനിന്ന് വൈറസ് മറ്റ് ഭാഗങ്ങളിലേക്ക് പടരുമോയെന്ന ആശങ്ക ഉയർത്തിയിരുന്നു. 

എന്നാൽ, ലോക്ഡൗണിനെ തുടർന്ന് സ്ഥാപനങ്ങൾ അടച്ചതോടെ തൊഴിലാളികൾ തിരികെ വീടുകളിലേക്ക് പോയി. ഇത് ധാരാവിയിലുള്ളവർക്ക് സാമൂഹിക അകലം പാലിച്ചു കഴിയുന്നതിൽ ഏറെ പ്രയോജനപ്പെട്ടതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dharaviindia newscovid 19dharavi covid
News Summary - Dharavi shows signs of flattening of coronavirus curve, cases fall
Next Story