കോവിഡ് വ്യാപനത്തിന് കടിഞ്ഞാൺ; മാതൃകയായി ധാരാവി
text_fieldsമുംബൈ: രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് അതിവേഗം പടർന്നു പിടിച്ച ഇടമായിരുന്നു മുംബൈയിലെ ധാരാവി എന്ന ചേരിപ്രദേശം. രണ്ടര കിലോമീറ്റർ പരിധിയിൽ പത്ത് ലക്ഷണത്തിനടുത്ത് ആളുകൾ തിങ്ങിപ്പാർക്കുന്ന, ശുചിത്വത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന ചേരിയിൽ മഹാമാരി മരണ താണ്ഡവമാടുമെന്ന് തന്നെ രാജ്യം കണക്കുകൂട്ടി. എന്നാൽ ആസൂത്രിത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാൽ രോഗ വ്യാപനത്തിന് കടിഞ്ഞാണിട്ട വിജയ ഗാഥയാണ് ധാരാവി ലോകത്തോട് പറയുന്നത്.
ധാരാവിയിലെ കോവിഡ് ബാധിതരിൽ പകുതി പേരും ഇതിനകം രോഗമുക്തി നേടി. ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം മെയ് തുടക്കത്തിലുണ്ടായിരുന്നതിെൻറ മൂന്നിലൊന്നായി കുറഞ്ഞുവെന്ന് ‘ദി പ്രിൻറ്’ റിപ്പോർട്ട് ചെയ്യുന്നു. ധാരാവിയിൽ നിലവിൽ ദിവസം 1.57 ശതമാനം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. മുംബൈയിൽ ഇത് മൂന്ന് ശതമാനമാണ്. സാമൂഹിക അകലം പാലിക്കലും ലോക്ഡൗണുമൊന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ധാരാവി പോലുള്ള ചേരി പ്രദേശത്ത് എളുപ്പത്തിൽ നടപ്പാക്കാൻ സാധിക്കുമായിരുന്നില്ല.
രോഗ വ്യാപനത്തിെൻറ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരും ബൃഹൻമുംബൈ നഗരസഭ അധികൃതരും നടത്തിയ പരിശ്രമത്തിെൻറ ഫലമായാണ് ധാരാവിയിൽ കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ സാധിച്ചത്. പ്രതിസന്ധിയെ തരണം ചെയ്യാനായി ആദ്യം ചെയ്തത് ഒരു ടീമിന് രൂപം നൽകുകയായിരുന്നു. ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ധാരാവിയിലെ ഒാരോ വീടുകളും കയറിയിറങ്ങി. ചേരിയിലെ ഏഴ് ലക്ഷേത്താളം ആളുകൾക്കരികിലേക്ക് അവർ നേരിട്ടെത്തി.
കൂടാതെ ജനങ്ങൾക്ക് സ്വയം എത്തി പരിശോധനക്ക് വിധേയരാകാനായി പനി ക്ലിനിക്കുകളും നഗരസഭ തുടങ്ങി. ജനങ്ങളുടെ ഓക്സിജൻ അളവും ഇവിടെ പരിശോധിക്കുകയും ഓക്സിജെൻറ അളവ് 95 ശതമാനത്തിൽ താഴെയുള്ളവരെ ക്വാറൻറീൻ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്തു. കോവിഡ് പരിശോധനയേക്കാൾ വേഗത്തിൽ ഈ പ്രവർത്തനങ്ങളാണ് മുന്നോട്ട് കൊണ്ടുപോയത്. എല്ലാവരേയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയെന്നത് സാധ്യമല്ലായിരുന്നു.
ആരെങ്കിലും കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ പരിശോധന കൂടാതെ തന്നെ ഇവരെ ഉടൻ ക്വാറൻറീനിലാക്കുന്നതിനുള്ള സംവിധാനമൊരുക്കി. പ്രദേശത്തെ ക്ലബ്ബുകളിലും സ്കൂളുകളിലും ക്വാറൻറീൻ സ്വകര്യമൊരുക്കി. അവിടെ ദിവസം മുഴുവൻ സൗജന്യ ഭക്ഷണവും ആരോഗ്യപരിേശാധനയും ലഭ്യമാക്കി.
2000ത്തിലേറെ വയോധികരെ സുരക്ഷിത ക്വാറൻറീനിലാക്കി. ജൂൺ ആദ്യംവരെ ഒരു മരണം പോലും ധാരാവിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. മൂന്നോ നാലോ ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ധാരാവിയിൽ ആറ് പേർ മരണത്തിന് കീഴടങ്ങിയത്. മുംബൈയിലെ മറ്റ് പ്രദേശങ്ങൾക്കും ഇന്ത്യയിലെ ഡൽഹി പോലുള്ള നഗരങ്ങൾക്കും ബ്രസീൽ പോലുള്ള ജനനിബിഢമായ ദരിദ്ര രാഷ്ട്രങ്ങൾക്കും ധാരാവി സൃഷ്ടിച്ച മാതൃകയിൽനിന്ന് പഠിക്കാനേറെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.