കത്തോലിക്ക പള്ളിയിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു; തമിഴ്നാട് ബി.ജെ.പി അധ്യക്ഷനെതിരെ കേസ്
text_fieldsധർമപുരി: കത്തോലിക്ക പള്ളിയിൽ യുവാക്കളുമായി നടത്തിയ വാക്കേറ്റത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈക്കെതിരെ കേസ്. 28കാരനായ കാർത്തിക് നൽകിയ പരാതിയിലാണ് മതസ്പർധ ഉണ്ടാക്കാൻ ശ്രമം, ആരാധനാലയമുള്ള സ്ഥലത്ത് സംഘർഷ ശ്രമം, മതവൈര്യമുണ്ടാക്കാൻ ശ്രമം, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.
'എൻ മണ്ണ് എൻ മക്കൾ' പദയാത്രയുടെ ഭാഗമായാണ് അണ്ണാമലൈ ക്രൈസ്തവ പള്ളികളിൽ സന്ദർശനം നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് ധർമപുരി ബൊമ്മിഡിയിലെ സെന്‍റ് ലൂർദ് പള്ളിയിലും അദ്ദേഹം എത്തിയത്. എന്നാൽ, പള്ളിക്കുള്ളിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കയറുന്നത് ഒരു സംഘം യുവാക്കൾ തടഞ്ഞു. മണിപ്പൂർ സംഘർഷത്തിന് കാരണക്കാരായ ബി.ജെ.പിയുടെ നേതാക്കൾ പള്ളിക്കുള്ളിൽ കയറരുതെന്ന് യുവാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, മണിപ്പൂരിൽ രണ്ട് ഗോത്രങ്ങൾ തമ്മിലാണ് സംഘർഷമെന്നും ക്രൈസ്തവർക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അണ്ണാമലൈ വിശദീകരിച്ചു. എന്നാൽ, സംഘർഷം ഒഴിവാക്കാൻ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ഒന്നും ചെയ്തില്ലെന്ന് യുവാക്കൾ ആരോപിച്ചു.
പതിനായിരം പേരെ കൂട്ടി താൻ പള്ളിക്ക് മുമ്പിൽ ധർണ നടത്തിയാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന് ക്ഷുഭിതനായ അണ്ണാമലൈ മറുചോദ്യം ഉന്നയിച്ചു. സംഘർഷത്തെ തുടർന്ന് പൊലീസ് എത്തിയാണ് യുവാക്കളെ പിന്തിരിപ്പിക്കുകയും അണ്ണാമലൈക്ക് പള്ളിയിൽ കയറാൻ അവസരമുണ്ടാക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.