ധോനു വീണ്ടും കോടതിയിലെത്തും; മരണശേഷമെങ്കിലും പിതാവിനെ ഇന്ത്യക്കാരനായി അംഗീകരിപ്പിക്കാൻ
text_fieldsഗുവാഹതി: സുഖ്ദേവ് റീ അസമിലെ ഹൈലകന്ദി ജില്ലയിലെ മോഹൻപുർ ഗ്രാമത്തിലുള്ളയാളായിരുന്നു. വയസ്സ് 65. തേയിലത്തോട്ടത്തിൽ കൂലിപ്പണി ചെയ്താണ് കഴിഞ്ഞിരുന്നത്. ഇന്ത്യക്കാരനല്ലെന്നു കാണിച്ച് വിദേശികൾക്കായുള്ള ട്രൈബ്യൂണൽ വിധിച്ച പ്രകാരം മൂന്ന് വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. നവംബർ മൂന്നിന്, ഈ ഉത്തരവ് അപൂർണമാണെന്ന് ഗുവാഹതി ഹൈകോടതി വ്യക്തമാക്കുകയും കേസ് വീണ്ടും ഡിസംബർ മൂന്നിന് പരിഗണിക്കണമെന്ന് ട്രൈബ്യൂണലിനോടു നിർദേശിക്കുകയും ചെയ്തു. എന്നാൽ, റീ അതുവരെ ജീവിച്ചില്ല.
കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ഈ വയോധികൻ മരിച്ചു. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കണം എന്നതായിരുന്നു അവസാന ആഗ്രഹം. അതു നടന്നില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ 104 വയസ്സുള്ള ചന്ദ്രധർ ദാസും ഇതേ അവസ്ഥയിലാണ് മരിച്ചത്. അന്നത്തെ കിഴക്കൻ പാകിസ്താനിൽ നിന്ന് 1956ൽ നാടുവിട്ടയാളായിരുന്നു ദാസ്. ഞാൻ ഇന്ത്യക്കാരനാണെന്ന് തെളിയുംവരെ മരിക്കില്ല എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
രണ്ടു വർഷമോ അതിൽ കൂടുതലോ കാലം തടവിൽ കഴിഞ്ഞവരെ വിട്ടയക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന്, ഫെബ്രുവരി 26നാണ് സുഖ്ദേവ് റീ തടവറയിൽ നിന്ന് മോചിതനായത്. 2012ലാണ് ഇയാൾക്കെതിരെ കേസെടുത്തത്. 2016ൽ അറസ്റ്റിലാകും മുമ്പ് പലതവണ കോടതിയുടെ കരുണക്കായി എത്തിയിരുന്നു. കോടതിയും അഭിഭാഷകരുടെ ചോദ്യവുമായി മനംമടുത്ത സുഖ്ദേവ് റീ ഒരു ഘട്ടത്തിൽ ഇനി നിയമസംവിധാനങ്ങൾക്കു മുന്നിലേക്ക് പോവുകയേയില്ല എന്ന് പറഞ്ഞിരുന്നതായി അദ്ദേഹത്തിെൻറ ഭാര്യ ശിശുബാല പറഞ്ഞു.
അഭിഭാഷകർക്ക് പണത്തിൽ മാത്രമായിരുന്നു താൽപര്യം. രണ്ടായിരവും മൂവായിരവും ഒക്കെയായിരുന്നു അവർ ആവശ്യപ്പെട്ടിരുന്നത്. വായ്പയെടുത്താണ് ഈ പണം സംഘടിപ്പിച്ചത്. വ്യവഹാരം തുടരാനുള്ള പണമില്ലാത്തതിനാൽ കോടതിയിലേക്ക് പോകണ്ട എന്ന് കരുതി. ഈ പണം കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ ഉപയോഗിക്കാമല്ലോ എന്നു വിചാരിച്ചു. അത് അറസ്റ്റിൽ അവസാനിക്കും എന്ന് കരുതിയിരുന്നില്ല.-അവർ പറഞ്ഞു. തുടർച്ചയായി വിചാരണക്ക് ഹാജരായില്ല എന്ന് കാണിച്ചാണ് സുഖ്ദേവിനെ ട്രൈബ്യൂണൽ വിദേശിയാക്കി വിധി പ്രസ്താവിച്ചത്.
തടവറയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും കോടതി ഉത്തരവ് ചോദ്യം ചെയ്യാൻ പിതാവിന് താൽപര്യമില്ലായിരുന്നുവെന്ന് മകൻ ധോനു റീ പറഞ്ഞു. എന്നാൽ, ഈയടുത്ത് അദ്ദേഹത്തിന് വീണ്ടും പ്രതീക്ഷയുണ്ടായിരുന്നു. മക്കളുടെ പിതാവ് ബംഗ്ലാദേശിയാണ് എന്ന പേരുമാറുമെന്ന് അദ്ദേഹം കരുതി. എന്നാൽ അതുണ്ടായില്ല. -ധോനു കൂട്ടിച്ചേർത്തു.
എല്ലാ രേഖകളുമായി ഡിസംബർ മൂന്നിന് ഹൈലാകന്ദി ട്രൈബ്യൂണൽ മുമ്പാകെ ഹാജരാകുമെന്നും മരണശേഷമെങ്കിലും തെൻറ പിതാവ് ഇന്ത്യക്കാരനായി തീരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഖ്ദേവിെൻറ പിതാവിെൻറ പേര് ധീരജ് ബൗരി എന്നും മുത്തച്ഛെൻറ പേര് മോനു ബൗരി എന്നുമാണെന്നും ധീരജ് ബൗരിയുടെ പേര് വോേട്ടഴ്സ് ലിസ്റ്റ് പുതുക്കിയപ്പോഴാണ് ധീരജ് റീ എന്നായെതെന്നും സുഖ്ദേവിെൻറ ജാമ്യത്തിനായി മുന്നിട്ടിറങ്ങിയ ആക്ടിവിസ്റ്റ് കമൽ ചക്രവർത്തി പറഞ്ഞു. അവർക്ക് ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. സുഖ്ദേവ് റീ അസംകാരനാണ്. അയാൾക്ക് ബംഗ്ലാദേശുമായി ഒരു ബന്ധവുമില്ല. എന്നാൽ, അയാൾക്ക് വിദേശിയെപ്പോലെ ജീവിക്കേണ്ടി വന്നു. -കമൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.