‘ധ്രുവ് റാഠി എ.എ.പി വക്താവിനെ പോലെ പ്രവർത്തിക്കുന്നു; വിഡിയോ വന്നതോടെ ഭീഷണികൾ വർധിച്ചു’; ആരോപണവുമായി സ്വാതി മലിവാൾ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാക്കളുടെയും അണികളുടെയും നുണപ്രചാരണത്തെത്തുടർന്ന് തനിക്ക് നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടാകുന്നതായി സ്വാതി മലിവാൾ എം.പി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എ ബിഭവ് കുമാർ തന്നെ മർദിച്ച സംഭവത്തിൽ പ്രമുഖ യു ട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായാണ് വിഡിയോ ചെയ്തതെന്നും ഇത് പുറത്തുവന്നതോടെ ഭീഷണി ഇരട്ടിയായെന്നും സ്വാതി ആരോപിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തകനെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെപ്പോലൊരാൾ ആം ആദ്മി പാർട്ടിയുടെ വക്താവിനെപ്പോലെ പ്രവർത്തിക്കുന്നതും എനിക്കെതിരെ അധിക്ഷേപം ചൊരിയുന്നതും നാണക്കേടാണെന്നും അവർ എക്സിൽ കുറിച്ചു.
‘എന്റെ പാർട്ടിയായ ആം ആദ്മി പാർട്ടിയുടെ നേതാക്കളും അണികളും ചേർന്ന് നടത്തുന്ന വ്യക്തിഹത്യാ കാമ്പയിനെത്തുടർന്ന് എനിക്ക് നിരന്തരം ബലാത്സംഗ, വധ ഭീഷണികൾ ലഭിക്കുന്നുണ്ട്. യു ട്യൂബർ ധ്രുവ് റാഠി എനിക്കെതിരെ ഏകപക്ഷീയമായ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ഭീഷണികളുടെ എണ്ണം കൂടി. ധ്രുവ് റാഠിയെ പോലുള്ള ‘സ്വതന്ത്ര മാധ്യമപ്രവർത്തകൻ’ ആം ആദ്മി പാർട്ടിയുടെ മറ്റു വക്താക്കളെപ്പോലെ പ്രവർത്തിക്കുന്നത് ലജ്ജാകരമാണ്. കടുത്ത ഭീഷണികളും അധിക്ഷേപങ്ങളുമാണ് ഇപ്പോൾ ഞാൻ നേരിട്ടുകൊണ്ടിരിക്കുന്നത്’– സ്വാതി എക്സിൽ കുറിച്ചു.
‘ധ്രുവ് റാഠിയുടെ വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് തന്റെ ഭാഗം വിശദീകരിക്കാൻ അദ്ദേഹത്തെ വിളിച്ചെങ്കിലും കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകിയില്ല. വിഡിയോ ഏകപക്ഷീയമാണ്. സംഭവം നടന്നുവെന്ന് അംഗീകരിച്ചശേഷം എ.എ.പി എന്തുകൊണ്ടാണ് യു-ടേൺ എടുത്തത്? ആക്രമണത്തെ തുടർന്നാണ് എനിക്ക് പരിക്കുകളുണ്ടായതെന്നാണ് എം.എൽ.സി റിപ്പോർട്ട്. വിഡിയോയുടെ തെരഞ്ഞെടുത്ത ഭാഗങ്ങൾ മാത്രം പുറത്തുവിട്ട് പിന്നീട് പ്രതിയുടെ ഫോൺ ഫോർമാറ്റ് ചെയ്തു. കുറ്റകൃത്യം നടന്ന മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന് തന്നെയാണ് പ്രതി അറസ്റ്റിലായത്. അവിടേക്ക് വീണ്ടും ബിഭവിനെ പ്രവേശിപ്പിച്ചത് തെളിവ് നശിപ്പിക്കാനാണോ?. മണിപ്പൂരിൽപ്പോലും സുരക്ഷയില്ലാതെ തനിച്ചുപോയ സ്ത്രീയെ എങ്ങനെ ബി.ജെ.പിക്ക് വിലക്കെടുക്കാനാവും തുടങ്ങിയവ ധ്രുവിന്റെ വിഡിയോയിൽ പരാമർശിക്കാത്ത ചില ‘വസ്തുതകൾ’ ആണെന്നും സ്വാതി മലിവാൾ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
മേയ് 22ന് പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ധ്രുവ് റാഠി സ്വാതി മലിവാൾ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ബലാത്സംഗ-വധഭീഷണികൾക്കെതിരെ ഡൽഹി പൊലീസിനെ സമീപിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നവെന്നും കുറിച്ച സ്വാതി, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരാണതിന് പ്രേരിപ്പിച്ചതെന്ന് നിങ്ങൾക്കറിയാമെന്നും കൂട്ടിച്ചേർത്തു.
മേയ് 13ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയ തന്നെ മുഖ്യമന്ത്രിയുടെ പി.എ ബിഭവ് കുമാർ മർദിച്ചുവെന്നാണ് സ്വാതിയുടെ പരാതി. പരാതിയിൽ മേയ് 24ന് അറസ്റ്റിലായ ബിഭവ് കുമാർ 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബിഭവ് കുമാർ തന്നെ മർദിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്നും പരാതി പിൻവലിക്കാൻ ആം ആദ്മി പാർട്ടി സമ്മർദം ചെലുത്തുന്നതായും സ്വാതി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.