എക്സിറ്റ് പോൾ തട്ടിപ്പ് അന്വേഷിക്കണം -ധ്രുവ് റാഠി
text_fieldsന്യൂഡൽഹി: എക്സിറ്റ് പോൾ തട്ടിപ്പ് അന്വേഷിക്കണമെന്ന് പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. സ്റ്റോക്ക് മാർക്കറ്റിൽ അവിഹിത സ്വാധീനം ചെലുത്താനാണോ ഇതെല്ലാം ചെയ്തതെന്ന് ‘എക്സി’ലെ കുറിപ്പിൽ ധ്രുവ് ചോദിച്ചു. അതല്ലെങ്കിൽ എക്സിറ്റ് പോൾ ഇത്തരത്തിൽ ചെയ്യാൻ മാധ്യമങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നും അദ്ദേഹം ചോദിച്ചു.
‘എക്‌സിറ്റ് പോൾ തട്ടിപ്പ് അന്വേഷിക്കണം. ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാനാണോ ഇവർ ഇതെല്ലാം ചെയ്തുകൂട്ടിയത്? അതോ ഇത്തരത്തിൽ ചെയ്യാൻ അവരെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ?’ -ഇതായിരുന്നു ധ്രുവിന്റെ കുറിപ്പ്. കേവലം രണ്ടു മണിക്കൂറിനുള്ളിൽ 82000 പേരാണ് ഈ പോസ്റ്റ് ലൈക് ചെയ്തത്. 17000 പേർ ഇത് പങ്കുവെക്കുകയും ചെയ്തു.
ഈ തെരഞ്ഞെടുപ്പിൽ ധ്രുവ് റാഠി എന്ന യൂട്യൂബർ ചെലുത്തിയ സ്വാധീനം അത്രയേറെയാണ്. ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളെ ഉൾപ്പെടെ തന്റെ യൂട്യൂബ് വിഡിയോകളിലൂടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ അണിനിരത്തുന്നതിൽ ഈ 29കാരൻ വഹിച്ച പങ്ക് വലുതാണ്. ധ്രുവിന്റെ വിഡിയോകൾ മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് യൂട്യൂബിൽ കാണുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരന്തരം വിദ്വേഷ പരാമർശങ്ങളും നുണകളും എഴുന്നള്ളിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കള്ളങ്ങളെ ധ്രുവ് കണക്കുകളുടെയും വസ്തുതകളുടെയുമൊക്കെ പിൻബലത്തിൽ പൊളിച്ചടുക്കുന്നത് സംഘ്പരിവാർ കേന്ദ്രങ്ങളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്.
ബി.ജെ.പിയുടെ അഴിമതിയെയും കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെയുമൊക്കെ തുറന്നുകാട്ടുന്നതിൽ രോഷംപൂണ്ട് സംഘ് പരിവാർ കേന്ദ്രങ്ങൾ ധ്രുവിനെതിരെ തിരിഞ്ഞിരുന്നു. നിങ്ങൾ എന്തൊക്കെ ഭീഷണികളും പരിഹാസങ്ങളുമൊക്കെയായി രംഗത്തുവന്നാലും താൻ മിണ്ടാതിരിക്കാൻ പോകുന്ന പ്രശ്നമില്ലെന്നായിരുന്നു ഇതിന് അദ്ദേഹത്തിന്റെ മറുപടി. ഒരു ധ്രുവ് റാഠിയെ നിങ്ങൾ നിശ്ശബ്ദനാക്കിയാലും ഒരായിരം പുതിയ ധ്രുവ് റാഠിമാർ നിങ്ങൾക്കെതിരെ ഉയർന്നുവരുമെന്ന് ധ്രുവ് എക്സിൽ കുറിച്ചു.
‘വ്യാജ ആരോപങ്ങൾ എനിക്കെതിരെ ഉന്നയിച്ച് രംഗത്തുവന്നിരിക്കുകയാണവർ. ദിനംപ്രതി വധ ഭീഷണികൾ, പരിഹാസങ്ങൾ, എന്നെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ കള്ളപ്രചാരണങ്ങൾ...ഇതെല്ലാം എനിക്കിപ്പോൾ ശീലമായിക്കഴിഞ്ഞു.
കുറ്റകൃത്യങ്ങൾക്കെല്ലാം പിന്നിലുള്ളവർ ഇരകളായി നടിക്കുന്നുവെന്നതാണ് ഇതിലെ വിരോധാഭാസം. ഇതിന്റെയെല്ലാം പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാം. അവർ എന്നെ നിശബ്ദനാക്കാൻ ആഗ്രഹിക്കുകയാണ്.
പക്ഷേ, അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല. നിങ്ങൾ ഒരു ധ്രുവ് റാഠിയെ നിശബ്ദനാക്കിയാൽ, ഒരായിരം പുതിയ ധ്രുവ് റാഠിമാർ ഉയർന്നുവരും..ജയ് ഹിന്ദ്’ -ഇതായിരുന്നു ധ്രുവ് പങ്കുവെച്ച കുറിപ്പ്.
അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് പറയുന്ന ഒരാൾ ഏതെങ്കിലുമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാൻ മാനസികമായി യോഗ്യനാണോ എന്ന ചോദ്യവുമായി ധ്രുവ് റാഠി രംഗത്തെത്തിയിരുന്നു. തന്റെ ഊർജം ജൈവികപരമല്ലെന്നും തന്നെ ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കു പിന്നാലെയാണ് സമൂഹ മാധ്യമമായ ‘എക്സി’ൽ ധ്രുവ് റാഠി ചോദ്യമുന്നയിച്ചത്. ‘തന്റെ അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് ഒരാൾ പറയുകയാണ്. തന്റെ ജനനം ജൈവപരമായല്ല എന്ന് അയാൾ സ്വയം വിശ്വസിക്കുന്നു. അത്തരമൊരാൾ ഏതൊരു രാജ്യത്തിന്റെയും പ്രധാനമന്ത്രിയായിരിക്കാൻ മാനസികമായി യോഗ്യനാണോ?’ -ഇതായിരുന്നു ധ്രുവിന്റെ കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.