ധ്രുവ് റാഠി: ഒറ്റക്കൊരു പ്രതിപക്ഷം
text_fieldsഎക്സിറ്റ്പോളുകൾ മോദി അനുകൂല ഉടവാളുമായി ഉറഞ്ഞു തുള്ളിയതിന്‍റെ ആവേശം അണയുന്നതിന് മുമ്പേ യഥാർഥ ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്നു. മോദി എന്ന വ്യക്തി കേന്ദ്രീകൃത അധികാര ബിംബത്തെ നേരിടാൻ തക്ക ശക്തമായ ഒന്നും എതിർപക്ഷത്ത് ഇല്ലാതിരുന്നിട്ടും രാജ്യവ്യാപകമായി മോദി വിരുദ്ധത പ്രതിഫലിക്കുകയാണ്. അന്തിമ ജയം ബി.ജെ.പിയുടേതാകാമെങ്കിലും അധികാരത്തിന്‍റെ അപ്രമാദിത്വത്തിന് കനത്ത ഉലച്ചിലുണ്ടാക്കുന്നതായി ജനവിധി. ഇതിനിടയിൽ അറിഞ്ഞോ അറിയാതെയോ ഒരു പേര് ഉയർന്നു വരുന്നു. ധ്രുവ് റാഠി. കഴിഞ്ഞ കാലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും കടുത്ത വിമർശകൻ. തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുമ്പായി, തനിക്ക് പറയാനുള്ളത് അവസാന ശ്വാസം വരെ സധൈര്യം പറയുമെന്ന് ആവർത്തിച്ച യുവ ധീരൻ. സംഘ്പരിവാർ ശക്തികളുടെ അക്ഷൗഹിണിപ്പടയെ നിർദാക്ഷിണ്യം, നിർഭയം നേരിട്ട ജനാധിപത്യത്തിലെ ഏക പ്രതിപക്ഷ നേതാവ്. ഒരർഥത്തിൽ ഒറ്റക്കൊരു പ്രതിപക്ഷം.
ബി.ജെ.പിയുടെ കലുഷിത, വിഷലിപ്ത പ്രചാരണങ്ങൾക്കെതിരെ അയാളുടെ യൂട്യൂബ് വിഡിയോകളാണ് പലയിടത്തും ജനപക്ഷത്തിന്‍റെ നാവായത്. പൊതുയിടങ്ങളിലും അത് അവതരിപ്പിക്കപ്പെട്ടു. 20 ദശലക്ഷം സ്ഥിരം പ്രേക്ഷകരുള്ള റാഠിയുടെ വിഡിയോകൾ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സ്വാധീനമായി മാറിയതിന്‍റെ കൂടി തെളിവാണ് ഈ ജനവിധിയെന്ന് ഇപ്പോൾ വിലയിരുത്തപ്പെടുന്നു. മുഖ്യധാര മാധ്യമങ്ങൾ ഏകപക്ഷീയമായി ബി.ജെ.പി അനുകൂല വൃത്താന്തങ്ങൾ മാത്രം പുറത്തുവിട്ടുകൊണ്ടിരുന്നപ്പോഴാണ് ലളിതവും അതിശക്തവുമായ ആവിഷ്കാരങ്ങളിലൂടെ 29കാരനായ ഒരു യുവാവ് സംഘ്പരിവാർ പ്രചാരണങ്ങൾക്ക് ഏറ്റവും മുനകൂർത്ത മറുപടി നൽകിപ്പോന്നത്. ഭരിക്കുന്ന പാർട്ടിയുടെ അഴിമതി, അധികാര ദുർവിനിയോഗം, ജനാധിപത്യ അട്ടിമറി തുടങ്ങി ജനദ്രോഹകരമായ എന്തിനേയും ഏറ്റവും ലളിതമായി ഗ്രഹിക്കാൻ കഴിയുംവിധം അയാൾ അവതരിപ്പിച്ചു. മോദിയുടെ നയങ്ങളും ജൽപനങ്ങളും തുടക്കംമുതലേ സംശയദൃഷ്ടിയോടെ കണ്ടിരുന്ന രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കളുടെ യഥാർഥ പ്രതിനിധികൂടിയായി തന്‍റെ വിഡിയോകളിലൂടെ റാഠി സ്വയം മാറി. ഈ ജനവിധിയിൽ അതും തെളിഞ്ഞുവരുന്നു.
ഇന്ത്യ ഏകാധിപത്യത്തിലേക്കോ? എന്ന ചോദ്യമുയർത്തിയ റാഠിയുടെ അവസാന വിഡിയോകളിലൊന്ന് മോദി ഭരണകൂടത്തെ പിടിച്ചുലച്ച ഒന്നായിരുന്നു. എതിരാളികളെ അമർച്ച ചെയ്യാൻ സർക്കാർ സംവിധാനങ്ങളെ കേന്ദ്ര സർക്കാർ എങ്ങിനെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് ആ വിഡിയോ വരച്ചുകാട്ടി. 25 ദശലക്ഷത്തിലധികംപേരാണ് അത് കണ്ടത്. രാജ്യത്ത് വൻവിവാദമായി മാറിയ ആ വിഡിയോ പുറത്തുവിട്ടശേഷം തനിക്ക് നേരെയുണ്ടായ നിരവധി ഭീഷണികൾ തുറന്നു പറഞ്ഞപ്പോഴും റാഠി അചഞ്ചലനായിരുന്നു. വോട്ടർമാരെ രാഷ്ട്രീയ അടിമകളാക്കുന്ന വിധം വഴിതെറ്റിക്കുന്ന ബി.ജെ.പിയുടെ സമൂഹമാധ്യമ സംവിധാനം തുറന്നുകാട്ടി റാഠി ചെയ്ത മറ്റൊരു വിഡിയോയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബി.ജെ.പി ഐ.ടി സെല്ലിലെ വ്യക്തിയുമായി നടത്തിയ രഹസ്യ സംഭാഷണമായിരുന്നു അതിന്‍റെ ഉള്ളടക്കം.
സർക്കാർ പറയുന്നതിനപ്പുറത്ത്, 2019ലെ പുൽവാമ ആക്രമണത്തിന്‍റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവന്ന ‘പുൽവാമ: ജവാൻമാരുടെ യാഥാർഥ്യവും പാകിസ്താനും’ എന്ന വിഡിയോ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിന്‍റെ നേർകാഴ്ചകൾ അവതരിപ്പിച്ച ‘യോഗിയുടെ തനിനിറം’ എന്നീ അവതരണങ്ങളും റാഠിയെ ജനമനസുകളിൽ ശക്തമായ പ്രതിപക്ഷസാന്നിധ്യമായി നിലനിർത്തിയിട്ടുണ്ട്.
വസ്തുതകളെ മാത്രം അടിസ്ഥാനമാക്കി നേർക്കുനേർ സംഭാഷണത്തിലൂടെ ചാട്ടുളികണക്കെ സത്യത്തെ പ്രേക്ഷകമനസിൽ പ്രതിഷ്ഠിക്കുന്ന മാജിക്കാണ് റാഠിയുടെ അവതരണ വിജയമായി വിലയിരുത്തപ്പെടുന്നത്. യഥാർഥത്തിൽ ഒരു മാധ്യമപ്രവർത്തകൻ അല്ലാതിരുന്നിട്ടും തഴക്കംവന്ന മാധ്യമപ്രവർത്തകന്‍റെ അവതരണകൗശലങ്ങളും വിഡിയോളിൽ ദൃശ്യമാണ്. പുഞ്ചിരിക്കുന്ന മുഖത്തോടെ സൗമ്യമായി ‘നമസ്കാർ ദോസ്തോം’ എന്ന് പറഞ്ഞാരംഭിക്കുന്ന റാഠിയുടെ സംഭാഷണം, തുടർന്ന് ഏത് അധികാര സ്തംഭങ്ങളേയും വിറപ്പിക്കുന്ന വസ്തുതകളുടെ കൂരമ്പെയ്താണ് സഞ്ചരിക്കുക. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ റാഠിയുടെ അവതരണങ്ങളിൽ എൻജിനീയറിങ് ബുദ്ധിയും കൃത്യതയും വ്യക്തം. ഒരർഥത്തിൽ ആരും പറയാൻ മടിക്കുന്നത് മുഖത്തുനോക്കി പറയുന്നതിന്‍റെ ചങ്കൂറ്റം തന്നെയാകുന്നു റാഠി എന്ന പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.