ആർക്കും എതിരായല്ല മത്സരിക്കുന്നത്, സ്ഥാനാർഥിയായത് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ- ഖാർഗെ
text_fieldsന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആർക്കും എതിരായല്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും മല്ലികാർജുൻ ഖാർഗെ. മുതിർന്ന നേതാക്കളും യുവനേതാക്കളും ഒരുപോലെ ആവശ്യപ്പെട്ടതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ 'ഒരു വ്യക്തി, ഒരു പദവി' തത്വമനുസരിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ദിവസം തന്നെ രാജ്യസഭയിലെ പ്രതിപക്ഷനേതാവ് സ്ഥാനം രാജി വെച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മാറ്റത്തിനുള്ള സ്ഥാനാർഥിയാണെന്നും ഖാർഗെ തുടർച്ചയുടെയും തൽസ്ഥിതിയുടെയും സ്ഥാനാർഥിയാണെന്നുമുള്ള ശശി തരൂരിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തെരഞ്ഞെടുപ്പിന് ശേഷം പരിഷ്കരണത്തിനുള്ള ഏത് തീരുമാനവും ഒരുമിച്ച് എടുക്കുമെന്നും ഒരു വ്യക്തിയല്ല തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഗാന്ധി കുടുംബം തന്നെ പിന്തുണക്കുന്നുണ്ടെന്ന വാർത്തകൾ ഖാർഗെ നിഷേധിച്ചു.
കെ.എൻ ത്രിപാഠിയുടെ നാമനിർദേശ പത്രിക തള്ളിയത്തോടെ മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് സ്ഥാനാർഥികൾ. ഒക്‌ടോബർ എട്ടിന് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഒക്‌ടോബർ 17ന് നടക്കും. 19ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകും. 9,000-ലധികം പി.സി.സി അംഗങ്ങൾ വോട്ട് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.