രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയത് കണ്ടില്ലെന്ന് ബി.ജെ.പി എം.പി ഹേമമാലിനി
text_fieldsന്യൂഡൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയത് താൻ കണ്ടില്ലെന്ന് നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി. പാർലമെന്റിന് പുറത്ത് ‘ഇന്ത്യ ടുഡേ’യോട് പ്രതികരിക്കുകയായിരുന്നു അവർ. ‘ഞാൻ അത് കണ്ടിട്ടില്ല, എന്നാൽ ശരിയല്ലാത്ത ചില വാക്കുകൾ ഉണ്ടായിരുന്നു’ എന്നായിരുന്നു അവരുടെ പ്രതികരണം. അതേസമയം, സംഭവത്തിൽ സ്പീക്കർ ഓം ബിർലക്ക് പരാതി നൽകിയ ബി.ജെ.പി എം.പിമാരുടെ കൂട്ടത്തിൽ ഹേമമാലിനിയുടെ പേരുമുണ്ട്. രാഹുലിനെതിരെ ബി.ജെ.പി ആക്രമണം കടുപ്പിക്കുന്നതിനിടെ ഹേമമാലിനിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സഭയിൽ സ്മൃതി ഇറാനി ഉയർത്തിയ ഫ്ലയിങ് കിസ് ആരോപണം ബി.ജെ.പി ഏറ്റുപിടിച്ചിരിക്കുകയാണ്. 'മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിലെ വനിത അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്ലയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്' -എന്നായിരുന്നു അവരുടെ വാക്കുകൾ.
കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയുടെ നേതൃത്വത്തിലാണ് ബി.ജെ.പി വനിതാ ലോക്‌സഭാംഗങ്ങൾ സ്പീക്കർ ഓം ബിർളക്ക് ഔദ്യോഗികമായി പരാതി നൽകിയത്. ‘കേരളത്തിലെ വയനാട്ടിൽ നിന്നുള്ള എം.പി രാഹുൽ ഗാന്ധി സഭയിൽ നടത്തിയ സംഭവത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. കേന്ദ്രമന്ത്രിയും സഭാംഗവുമായ സ്മൃതി സുബിൻ ഇറാനി സഭയെ അഭിസംബോധന ചെയ്യുന്നതിനിടെ അവരോട് പ്രസ്തുത അംഗം അപമര്യാദയായി പെരുമാറുകയും അനുചിതമായ ആംഗ്യം കാണിക്കുകയും ചെയ്തു. സഭയിലെ അന്തസുള്ള വനിതാ അംഗങ്ങളെ അപമാനിക്കുക മാത്രമല്ല, ഈ ഹൗസിന്റെ അന്തസ് താഴ്ത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത അംഗത്തിന്റെ പെരുമാറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു’ എന്നാണ് പരാതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.