'ഒരു മുസ്‌ലിമിനെ എളുപ്പം തീവ്രവാദിയായി മുദ്രകുത്താം, ഞാൻ ഒരു ഹിന്ദുവിന്‍റെ മകളായതിനാൽ അത് എളുപ്പമായിരുന്നില്ല'
text_fieldsന്യൂഡൽഹി: ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയ ആക്ടിവിസ്റ്റുകളെ ജാമ്യം നിഷേധിച്ച് വർഷങ്ങളോളം ജയിലിലടക്കുന്നതിൽ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ. മുസ്‌ലിംകളായതിനാൽ ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും തീവ്രവാദ മുദ്രകുത്തുക എളുപ്പമാണെന്നും, പ്രതിഷേധത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നിട്ടും ഒരു ഹിന്ദുവിന്‍റെ മകളായതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്തില്ലെന്നും സ്വര ഭാസ്കർ പറഞ്ഞു.
'ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിന് ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെ നിരവധി മുസ്‌ലിം യുവാക്കൾ നാല് വർഷമായി ജയിലിലാണ്. ഞാനും പ്രതിഷേധത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാൽ എന്നെ അവർ അറസ്റ്റ് ചെയ്തില്ല. കാരണം ഞാനൊരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. എന്നെ തീവ്രവാദ മുദ്രകുത്തി ജയിലിലടക്കുക അത്ര എളുപ്പമല്ലെന്ന് അവർക്ക് തോന്നിക്കാണും' -സ്വര ഭാസ്കർ പറഞ്ഞു.
ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയ ഡൽഹി ഹൈകോടതി ജഡ്ജി അമിത് ശർമയെ സ്വര വിമർശിച്ചു. 'എന്തുകൊണ്ട് നിങ്ങൾക്കതിന് സാധിക്കുന്നില്ല? നിങ്ങൾ ഉന്നത വിദ്യാഭ്യാസമുള്ളയാളാണ്. ഞങ്ങൾ നൽകുന്ന നികുതിയിൽ നിന്നാണ് നിങ്ങൾക്ക് ശമ്പളം ലഭിക്കുന്നത്. പിന്നീട് എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ചുമതല നിർവഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പിൻവാങ്ങുന്നത്? ഇങ്ങനെ ചെയ്തതിലൂടെ ഇന്ത്യയിലെ ജനങ്ങളെയല്ലേ നിങ്ങൾ വഞ്ചിക്കുന്നത്?' -സ്വര ചോദിച്ചു. നീതി വാക്കുകളിലൂടെ ലഭ്യമാക്കാനാകില്ല, പ്രവൃത്തിയിലൂടെ വേണം. നിങ്ങളോട് കൂടുതലൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല, നിങ്ങളുടെ ജോലി കൃത്യമായി ചെയ്യുക എന്ന് മാത്രമാണ് അഭ്യർഥിക്കുന്നത് -സ്വര പറഞ്ഞു.
വിദ്യാർഥി ആക്ടിവിസ്റ്റ് ഉമർ ഖാലിദ് വിചാരണയോ ജാമ്യമോ ഇല്ലാതെ രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് നാലു വർഷം പൂർത്തിയായിരിക്കുകയാണ്. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന്‍റെ പ്രധാന സൂത്രധാരൻ ഉമർ ഖാലിദാണെന്ന ഡൽഹി പൊലീസിന്റെ ആരോപണത്തിലാണ് യു.എ.പി.എ ചുമത്തിയുള്ള ജയിൽവാസം. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബർ 14ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ വിദ്യാർഥിയെ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. ജാമ്യം തേടി നിരവധി തവണ ഖാലിദ് കോടതികളെ സമീപിച്ചെങ്കിലും പുറത്തേക്കുള്ള വഴി തുറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.