'ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുത്തിട്ടില്ല': അരുണാചലിലെ ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ച് അമിത് ഷാ
text_fieldsന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്‍റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
"ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈനീസ് സൈന്യം പിടിച്ചെടുത്തിട്ടില്ല. ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ അപാരമായ ധീരത കാണിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ചൈനീസ് സൈനികർക്ക് തക്കതായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചു"- അമിത് ഷാ പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കവെ കോൺഗ്രസിനെയും അമിത് ഷാ കടന്നാക്രമിച്ചു. 2005, 2006, 2007 വർഷങ്ങളിൽ ചൈനീസ് എംബസി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻ തുക കൈമാറ്റം ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ ലഭിച്ചു. ഇത് എഫ്.സി.ആർ.എ നിയമങ്ങൾ അനുസരിച്ചല്ലാത്തതിനാൽ രജിസ്‌ട്രേഷൻ റദ്ദാക്കിയെന്നും ഷാ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയുടെ ഭൂമി ആർക്കും വിട്ടുനൽകില്ലെന്നും ചൈനയുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്‍റിൽ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച നടപടികൾ നിർത്തിവെച്ച് ലോക്സഭ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി അടക്കമുള്ളവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, സഭാ നടപടികൾ നിർത്തിവെച്ച് ചർച്ചയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.