ന്യായവില കിട്ടിയില്ല; വെളുത്തുള്ളി കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ച് യുവകർഷകൻ -വിഡിയോ
text_fieldsഭോപാൽ: ന്യായവില ലഭിക്കാത്തതിനെ തുടർന്ന് ലേലത്തിനിടെ 160 കിലോ വെളുത്തുള്ളി കത്തിച്ച് പ്രതിഷേധിച്ച് യുവ കർഷകൻ. മധ്യപ്രദേശിലെ മന്ദ്സോറിലാണ് സംഭവം.
മന്ദ്സോർ മണ്ഡിയിലെ മൊത്തവ്യാപാരികൾക്ക് വെളുത്തുള്ളി വിൽക്കാനെത്തിയതായിരുന്നു ദിയോലിയിൽനിന്നുള്ള ശങ്കർ സിർഫിറ. എന്നാൽ ന്യായമായ വില ലഭിക്കാതെ വന്നതോടെ യുവ കർഷകൻ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.
'ജയ് ജവാൻ ജയ് കിസാൻ' മുദ്രാവാക്യം മുഴക്കി വെളുത്തുള്ളി കൂട്ടിയിട്ട് കത്തിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. മണ്ഡിയിലെ ജീവനക്കാരും മറ്റ് കർഷകരും ഉടൻ തീ അണച്ചതിനെ തുടർന്ന് കൂടുതൽ നാശനഷ്ടങ്ങളുണ്ടാകുന്നത് ഒഴിവാക്കി.
'വെളുത്തുള്ളി ചന്തയിലെത്തിക്കാൻ മാത്രം ഞാൻ 5000 രൂപ മുടക്കി, എനിക്ക് വാങ്ങുന്നവർ തന്നത് 1100 രൂപയും. വെളുത്തുള്ളി കത്തിച്ച് കളയുന്നതാണ് അതിലും നല്ലത്. ഈ സീസണിൽ വെളുത്തുള്ളി കൃഷി ചെയ്യാൻ 2.5ലക്ഷം രൂപ ചെലവഴിച്ചു. എന്നാൽ, വിപണിയിൽനിന്ന് ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രവും' -ശങ്കർ പറഞ്ഞു.
മണ്ഡിയിൽ തീയിട്ടതിന് കർഷകനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ, മറ്റ് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് നാശനഷ്ടങ്ങളൊന്നും ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് വൈ.ഡി നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജിതേന്ദ്ര പതക്ക് പറഞ്ഞു.
ആഗസ്റ്റിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ മൊത്തവിപണിയിൽ ന്യായമായ വില ലഭിക്കാത്തതിനെ തുടർന്ന് റോഡിൽ തക്കാളി ഉപേക്ഷിക്കുന്നതിന്‍റെ വിഡിയോകൾ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.