'മകളെ അവസാനമായി കാണാൻ പോലും അനുവദിച്ചില്ല'; അധികൃതർ കബളിപ്പിച്ചെന്ന് ഉത്തരാഖണ്ഡ് പെൺകുട്ടിയുടെ അമ്മ
text_fieldsന്യൂഡൽഹി: മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ചെന്നും അവസാനമായി അവളെ കാണാൻ പോലും അനുവദിച്ചില്ലെന്നും ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിതയുടെ അമ്മ. മകളുടെ അടുത്തേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്കാണ് കൊണ്ടു പോയതെന്ന് അമ്മ പറഞ്ഞു.
പെൺകുട്ടിയുടെ അമ്മക്ക് സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് അമ്മ വ്യക്തമാക്കി. "എന്‍റെ ഭർത്താവിനെ അവർ ബലംപ്രയോഗിച്ച് കൊണ്ടുപോയി. മകളെ കാണിച്ച് തരാമെന്ന് പറഞ്ഞ് പറ്റിച്ച് എന്നെ ഇവിടേക്ക് കൊണ്ടുവന്നു"- ആശുപത്രിയിൽ നിന്ന് ചിത്രീകരിച്ച വിഡിയോയിൽ അങ്കിതയുടെ അമ്മ പറഞ്ഞു. എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നതെന്ന് ഒരുപാട് പ്രാവശ്യം അവരോട് ചോദിച്ചു. അപ്പോഴെല്ലാം മകളെ കാണിച്ച് തരാമെന്നാണ് മറുപടി തന്നത്. മകളെ കാണിക്കാൻ ശ്മശാനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
കേസിൽ ഇഴഞ്ഞ് നീങ്ങുന്ന പൊലീസ് നടപടിക്കെതിരെ നടന്ന വൻ പ്രതിഷേധങ്ങൾക്കിടെ ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മൃതദേഹം സംസ്കരിക്കാൻ കുടുംബം ആദ്യം വിസമ്മതിച്ചു. പെൺകുട്ടി ജോലി ചെയ്ത റിസോർട്ട് തകർത്തത് തെളിവ് നശിപ്പിക്കാനുള്ള ഭാഗമായാണെന്നും കുടംബം ആരോപിച്ചു.
ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് പെൺകുട്ടി ജോലി ചെയ്തിരുന്ന റിസോർട്ട്. പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉറപ്പ് നൽകി. ഇത് വളരെ ഹീനമായ കുറ്റകൃത്യമാണെന്നും കുറ്റവാളി ആരായാലും അവർ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.