മദ്യത്തിൽ പല പാർട്ടികൾക്കും ഒരു മനസ്സ്
text_fieldsന്യൂഡൽഹി: പൊതുനന്മ മുൻനിർത്തി പാതയോര മദ്യവിൽപനകേന്ദ്രങ്ങൾ വിലക്കിയ സുപ്രീംകോടതി വിധി അട്ടിമറിക്കാൻ വിവിധ സർക്കാറുകളും മദ്യലോബിയും തീവ്രയത്നത്തിൽ. വരുമാനനഷ്ടത്തിെൻറയും ടൂറിസത്തിെൻറയും പേരുപറഞ്ഞ് പൊതുസമൂഹത്തെ മദ്യക്കെണിയിൽ തുടർന്നും കുരുക്കിയിടാൻ കുറുക്കുവഴി തേടുന്ന സംസ്ഥാനങ്ങളിൽ സി.പി.എം ഭരിക്കുന്ന കേരളവും ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളും മുൻനിരയിൽ.
മദ്യക്കടകൾ നിലനിർത്താൻ ഒാർഡിനൻസിെൻറ മാർഗം വരെ കേരളം തേടുേമ്പാൾ, ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള രാജസ്ഥാൻ സർക്കാർ സുപ്രീംകോടതി വിധി മറികടക്കാൻ ചില സംസ്ഥാന പാതകളുടെ തിരക്കേറിയ ഭാഗങ്ങൾ സംസ്ഥാനപാത പദവിയിൽനിന്ന് ഒഴിവാക്കി. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, കോൺഗ്രസ് എന്നിവ ഭരിക്കുന്ന സംസ്ഥാനങ്ങൾ പരസ്യമായ ഇത്തരം നിലപാടുകൾക്ക് ഇതുവരെ മുതിർന്നിട്ടില്ല. മറ്റുള്ളവരുടെ പോക്ക് നിരീക്ഷിക്കുകയാണ്.
രാജസ്ഥാനു പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര, യു.പി, ഗോവ സംസ്ഥാനങ്ങളും പ്രധാന സ്ഥലങ്ങളിലെ ദേശീയപാതകളെ തരംതാഴ്ത്തി മദ്യക്കടകൾക്ക് തുടർന്നും പ്രവർത്തിക്കാനുള്ള സാധ്യത തേടുന്നുണ്ടെന്നാണ് സൂചന. നയരൂപവത്കരണത്തിന് നേതൃത്വം നൽകുന്ന നിതി ആയോഗിെൻറ സി.ഇ.ഒ അമിതാഭ് കാന്ത് സുപ്രീംകോടതി ഉത്തരവിനെതിരെ പരസ്യമായി രംഗത്തുവന്നു. ടൂറിസത്തെ കൊന്നുകളയുന്നതാണ് കോടതി വിധിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
സംസ്ഥാന പാതകളുടെ ചില ഭാഗങ്ങൾക്കുള്ള പദവി എടുത്തുകളഞ്ഞതിന് രാജസ്ഥാൻ സർക്കാർ വിചിത്ര ന്യായീകരണമാണ് നൽകുന്നത്. ബൈപാസ് നിർമാണം പൂർത്തിയായ സ്ഥലങ്ങളിലാണ് ഇങ്ങനെ ചെയ്തതെന്ന് സർക്കാർ വിശദീകരിച്ചു. ഒരിടത്ത് ഒരേ സമയം രണ്ടു സംസ്ഥാന പാതകൾ ഉണ്ടാവില്ലെന്നിരിക്കേ, ഒഴിവാക്കുന്ന ഭാഗത്തിെൻറ സംസ്ഥാന പദവിയാണ് എടുത്തുകളയുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ, സുപ്രീംകോടതി വിധി വന്നതിനുശേഷം മാത്രമാണ് ഇൗ തീരുമാനം ഉണ്ടായതെന്നു മാത്രം.
സുപ്രീംകോടതി വിധിയെ തുടർന്ന് പാതയോരത്തെ 65,000 വരുന്ന മദ്യക്കടകളിൽ മൂന്നിലൊന്ന് പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടിവരും. മദ്യവ്യവസായികളുടെയും മദ്യപരുടെയും സമ്മർദത്തിന് വരുമാന-തൊഴിൽ നഷ്ടത്തിെൻറയും ടൂറിസത്തിെൻറയും പേരുപറഞ്ഞുള്ള ന്യായീകരണമാണ് വിവിധ സർക്കാറുകൾ നടത്തുന്നതെങ്കിൽ, മദ്യക്കടകൾക്കെതിരായ ജനരോഷമെന്ന ഭീഷണി സർക്കാറുകൾക്കു മുന്നിലുണ്ട്. സ്ത്രീകളും സന്നദ്ധ സംഘടനകളും സുപ്രീംകോടതി വിധി പൂർണാർഥത്തിൽ നടപ്പാക്കാൻ പലയിടത്തും രംഗത്തിറങ്ങിയിട്ടുണ്ട്.
പാതയോരത്തുനിന്ന് മാറ്റേണ്ടിവന്ന ചില മദ്യക്കടകൾ പാർപ്പിടകേന്ദ്രങ്ങൾക്ക് സമീപത്തേക്കു മാറ്റാനുള്ള നീക്കം യു.പിയിൽ സ്ത്രീകളുടെ എതിർപ്പിനിടയാക്കി. കശാപ്പുശാലകൾ പൂട്ടിക്കാൻ കാണിച്ച ധിറുതി മദ്യക്കടകളുടെ കാര്യത്തിൽ യു.പി സർക്കാറിനില്ലെന്ന ആക്ഷേപവും ശക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.