നക്സൽ നേതാവ് വിക്രമിനെ വധിച്ചത് പൊലീസിന് അഭിമാനമെന്ന് ഡി.ഐ.ജി ഡി. രൂപ: ‘കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ആയുധം താഴെയിടാതെ വിക്രം ഏറ്റുമുട്ടി’
text_fieldsമംഗളൂരു: കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ആയുധം താഴെയിടാതെ നക്സൽ നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടുകയായിരുന്നെന്നും സേനക്ക് അഭിമാനമാണ് വിക്രമിന്റെ അന്ത്യമെന്നും കർണാടക ആഭ്യന്തര സുരക്ഷ വിഭാഗം ഡി.ഐ.ജി ഡി. രൂപ. ഉഡുപ്പി ജില്ലയിൽ വിക്രം കൊല്ലപ്പെട്ട ഹെബ്രി വനമേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നക്സൽ വിരുദ്ധ സേന (എ.എൻ.എഫ്) ഡി.വൈ.എസ്പി ജിതേന്ദ്ര ദയാന്റെ നേതൃത്വത്തിൽ ഈ മാസം 10 മുതൽ വിക്രമിനായി വലവിരിച്ച് നിതാന്ത ജാഗ്രതയിലായിരുന്നു.
കർണാടകയിൽ വിക്രമിനെതിരെ കൊലപാതകം ഉൾപ്പെടെ 61ഉൂം കേരളത്തിൽ 19ഉം കേസുകളുണ്ടെന്നും ഡി.ഐ.ജി പറഞ്ഞു. മൃതദേഹം ഉഡുപ്പി കെ.എം.സി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വെസ്റ്റേൺ റേഞ്ച് ഐ.ജി അമിത് സിങ്, ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
നിലമ്പൂരിൽനിന്ന് പൊലീസ് ഏറ്റുമുട്ടലിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
2016 നവംബർ 24ന് മലപ്പുറം നിലമ്പൂർ കരുളായി വരയൻമലയിൽ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജ് എന്ന കുപ്പുസ്വാമി, കാവേരി എന്ന അജിത എന്നിവരെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. സംഭവ സമയത്ത് വിക്രം ഗൗഡ, വയനാട് സ്വദേശി സോമന് എന്നിവരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കുപ്പു ദേവരാജിന്റെയും അജിതയുടെയും മരണം വ്യാജ ഏറ്റുമുട്ടലിലാണെന്ന് ആരോപണം ഉയർന്നിരുന്നുവെങ്കിലും പൊലീസ് നിഷേധിച്ചിരുന്നു. പൊലീസിനെതിരെ മാവോയിസ്റ്റുകൾ എ.കെ 47, പമ്പ് ആക്ഷൻ ഗൺ എന്നിവ ഉപയോഗിച്ചിരുന്നതായാണ് പൊലീസ് ക്രൈംബ്രാഞ്ചിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്.
കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത് പൊലീസിന്‍െറ പ്രത്യാക്രമണത്തിലാണെന്നാണ് അന്നത്തെ ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ പറഞ്ഞത്. നിലമ്പൂര്‍ കാട്ടില്‍ താവളമാക്കിയ മാവോവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെ അവിചാരിതമായാണ് ഉള്‍വനത്തില്‍ ക്യാമ്പ്ഷെഡുകള് പൊലീസ് സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഷെഡിന് സമീപത്തേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ പൊലീസിന് നേരെ ക്യാമ്പ്ഷെഡില്നിന്ന് വെടിവെപ്പുണ്ടായി. ഇതോടെ പൊലീസ് സേന പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി വിശദീകരിച്ചു.
എത്തിയത് വനം ഉദ്യോഗസ്ഥരുടെ വേഷത്തിൽ
ദക്ഷിണ കന്നട -കുടക് ജില്ല അതിർത്തിയിൽ മടിക്കേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബ്രഹ്മണ്യക്കടുത്ത കൂജിമല എസ്റ്റേറ്റിൽ കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും, മംഗളൂരുവിനടുത്ത കഡബ പുത്തൂരിൽ ഏപ്രിലിലും വിക്രം ഗൗഡയും സംഘവും പ്രത്യക്ഷപ്പെട്ടിരുന്നു. നക്സൽ വിരുദ്ധ സേന പിടികൂടാനെത്തിയെങ്കിലും വെട്ടിച്ച് വനമേഖലയിൽ മറയുകയായിരുന്നു.
കൂജിമല എസ്റ്റേറ്റിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം ഒരു സന്ധ്യവേളയിൽ സാധനങ്ങൾ വാങ്ങി മടങ്ങിയെന്ന പലചരക്ക് കടയുടമയുടെ മൊഴി പിന്തുടർന്നായിരുന്നു സേന അന്വേഷണം ആരംഭിച്ചത്. വനപാലകരുടെ വേഷത്തിൽ റൈഫിൾ ധാരികളായി വന്ന സംഘം വനം ഉദ്യോഗസ്ഥർ എന്നായിരുന്നു പരിചയപ്പെടുത്തിയത്. വനംവകുപ്പ് ഓഫിസ് ഭാഗത്തിലൂടെയാണ് തിരിച്ചുപോയതും. നാല് സഹപ്രവർത്തകർ വനത്തിലെ മുറിയിൽ താമസിക്കുന്നുണ്ടെന്ന് കന്നടയിലും മലയാളത്തിലും സംസാരിച്ച സംഘം കടയുടമയോട് പറഞ്ഞിരുന്നു. പിറ്റേന്ന് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ തനിക്ക് പരിചയമുള്ള വനപാലകരോട് തലേന്ന് വന്നവരെക്കുറിച്ച് രാമലിഗം പറയുകയായിരുന്നു. വനപാലകർ ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കാർക്കള നക്സൽ വിരുദ്ധ സേനയിലെ 60 അംഗങ്ങൾ ഉൾപ്പെട്ട സംഘത്തെയാണ് അന്ന് കൂജിമല മേഖലയിൽ എ.എൻ.എഫ് (ആന്റി നക്സൽ ഫോഴ്സ്) വിഭാഗം ഡിവൈ.എസ്.പി രാഘവേന്ദ്രയുടെ നേതൃത്വത്തിൽ വിന്യസിച്ചത്.
കൂജിമല, കടമക്കല്ല്, ഉപ്പുകല മേഖലയിൽ അരിച്ചുപെറുക്കിയിട്ടും വിക്രം ഗൗഡ, ജിഷ, ലത, സന്തോഷ് എന്നീ മാവോവാദികളെ സേനക്ക് പിടികൂടാനായിരുന്നില്ല. കുടക് ജില്ല പൊലീസ് സൂപ്രണ്ട് രാമരാജൻ, മടിക്കേരി സർക്ൾ ഇൻസ്പെക്ടർ ഉമേഷ് ഉപ്പലികെ, സബ് ഇൻസ്പെക്ടർ സുബ്രഹ്മണ്യ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും കൂജിമലയിൽ തങ്ങി നക്സൽ വേട്ട ദൗത്യത്തിൽ പങ്കാളികളായിരുന്നു.
ആറംഗ സംഘമാണ് ഏപ്രിലിൽ ദക്ഷിണ കന്നട ജില്ലയിൽ കഡബ താലൂക്കിലെ കുബാരു ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. രാത്രി വീട്ടിൽ ചെന്ന് ആഹാരം വാങ്ങി കഴിച്ച ആയുധധാരികളായ സംഘം കാട്ടിലേക്ക് മടങ്ങി. സംഭവം അറിഞ്ഞ് പൊലീസ് വീട്ടുകാരിൽനിന്ന് മൊഴിയെടുത്തിരുന്നു. നക്സൽ വിരുദ്ധ സേനയും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തോട്ടം തൊഴിലാളികൾ അവരുടെ പാർപ്പിടങ്ങളിൽ കയറി വാതിൽ അടച്ചതോടെയായിരുന്നു സംഘം എത്തിയത്. തോട്ടം ഉടമയുടെ വീട്ടുകാരുമായി മണിക്കൂറോളം സംസാരിച്ച് തിരിച്ചു പോയെന്നായിരുന്നു തൊഴിലാളികൾ പൊലീസിനോട് പറഞ്ഞത്. ചിക്കമഗളൂരു വനത്തിൽ 2005 ഫെബ്രുവരിയിൽ കർണാടക പൊലീസ് വെടിവെച്ചു കൊന്ന മാവോവാദി നേതാവായിരുന്ന സകേത് രാജന്റെ രക്തസാക്ഷിത്വ സ്മരണക്കായി ‘റെഡ് സല്യൂട്ട് ഡേ’ ആഘോഷിക്കാൻ വിക്രമും സംഘവും ഒരുക്കങ്ങൾ നടത്തുന്നതായി വിവരം ലഭിച്ച ആന്റി നക്സൽ സേന ഉഡുപ്പിയിലും, ചിക്കമഗളൂരുവിലും അഞ്ചു ദിവസം വലവിരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.