സി.ബി.ഐ ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റ്: സ്ത്രീയിൽനിന്ന് തട്ടിയെടുത്തത് 58 ലക്ഷം രൂപ
text_fieldsറായ്പൂർ (ഛത്തിസ്ഗഢ്): സൈബർ തട്ടിപ്പ് തടയാൻ സർക്കാരും പൊലീസും ബോധവത്കരണ ശ്രമങ്ങൾ തുടരുന്നതിനിടെ, റായ്പൂരിൽ ഡിജിറ്റൽ അറസ്റ്റ് വഴി സ്ത്രീയിൽനിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന സൈബർ കുറ്റവാളികൾ സ്ത്രീയെ 72 മണിക്കൂർ ‘ഡിജിറ്റൽ അറസ്റ്റിൽ’ പാർപ്പിച്ചാണ് തുക കവർന്നത്. നവംബർ മൂന്നിനും എട്ടിനും ഇടയിലാണ് സംഭവം. മുംബൈയിലെ ടെലികോം ഡിപ്പാർട്ട്‌മെന്റിറിൽ നിന്നാണെന്ന് അവകാശപ്പെട്ട് സ്ത്രീക്ക് ഒരു കാൾ ലഭിക്കുകയായിരുന്നു.
നവാബ് മാലിക് എന്നയാൾ ഇവരുടെ ആധാർ നമ്പർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായും 311 ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചതായും വിളിച്ചയാൾ മുന്നറിയിപ്പ് നൽകി. തുടർന്ന് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരാൾക്ക് ഫോൺ കൈമാറി. സബ് ഇൻസ്‌പെക്ടർ വിക്രം സിങ് എന്ന് പരിചയപ്പെടുത്തിയ ഈ ഉദ്യോഗസ്ഥൻ സ്ത്രീയുടെ വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുകയും അവരുടെ ഫോൺ വിച്ഛേദിക്കുമെന്നും അനുസരിച്ചില്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
തുടർന്ന് പരിഭ്രാന്തയായ സ്ത്രീ തട്ടിപ്പുകാരുടെ നിർദേശങ്ങൾ പാലിക്കുകയും തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് 58 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. പിന്നീട് യുവതി മകളോട് വിവരം പറയുകയും പരാതി നൽകുകയുമായിരുന്നു. സൈബർ കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.