‘ഡിജിറ്റൽ ഇന്ത്യ’ അടുത്ത ഘട്ടത്തിലേക്ക്; ‘ഭാഷിണി’ 22 ഇന്ത്യൻ ഭാഷകളിൽ
text_fieldsന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ 14,903 കോടി രൂപയുടെ അടങ്കൽ തുകയുള്ള അടുത്ത ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകി. 6.25 ലക്ഷം ഐ.ടി പ്രഫഷനലുകൾക്ക് അധിക വൈദഗ്ധ്യ പരിശീലനം നൽകുന്ന ‘ഫ്യൂച്ചർ സ്കിൽസ് പ്രൈം പ്രോഗ്രാം’, 2.65 ലക്ഷം പേർക്ക് വിവര സുരക്ഷയിൽ പരിശീലനം നൽകുന്ന ഇൻഫർമേഷൻ സെക്യൂരിറ്റി & എജുക്കേഷൻ അവയർനസ് ഫേസ് (ISEA) പ്രോഗ്രാം എന്നിവ ഇതിലുൾപ്പെടും. നിർമിതബുദ്ധി ഉപയോഗിച്ച് ഇന്ത്യ വികസിപ്പിച്ച ഭാഷാ വിവർത്തന ഉപകരണമായ ‘ഭാഷിണി’ രാജ്യത്തെ എട്ടാം ഷെഡ്യൂളിലെ എല്ലാ 22 ഭാഷകളിലും ഇറക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവിൽ 10 ഭാഷകളിൽ ‘ഭാഷിണി’ ലഭ്യമാണ്. നിലവിൽ 1,700-ലധികം സേവനങ്ങൾ ലഭ്യമായ യൂനിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ്(ഉമംഗ്)ന് കീഴിൽ 540 സേവനങ്ങൾ കൂടി ലഭ്യമാകും.
ദേശീയ സൂപ്പർ കമ്പ്യൂട്ടർ മിഷനു കീഴിൽ ഇതിനകം വിന്യസിച്ച 18 സൂപ്പർ കമ്പ്യൂട്ടറുകൾക്ക് പുറമെ 9 സൂപ്പർ കമ്പ്യൂട്ടറുകൾ കൂടി കൂട്ടിച്ചേർക്കും. ഡിജിലോക്കർ ആപ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് കൂടി പ്രയോജനകരമാക്കും. 1,787 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ വിജ്ഞാന ശൃംഖലയുടെ (എൻ.കെ.എൻ) നവീകരണവും 12 കോടി കോളജ് വിദ്യാർഥികൾക്കായി സൈബർ ബോധവത്കരണവും നടത്തും.
രണ്ടാം നിര - മൂന്നാം നിര നഗരങ്ങളിൽ 1,200 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകും. ആരോഗ്യം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവയിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.